വേനല്‍ മരങ്ങള്‍
''എന്താ ഇപ്പോ പെട്ടെന്നൊരു തിരുവനന്തപുരം യാത്ര?'' അയണ്‍ ചെയ്ത ഷര്‍ട്ട് മടക്കി ബാഗിലേക്ക് വെയ്ക്കുന്നതിനിടെ ലക്ഷ്മി ചോതിച്ചു.
'' പെട്ടന്നുണ്ടായതല്ല, മുന്നേ തീരുമാനിച്ചതാണ് ഞാന്‍ മറന്നു പോയി!!'' ബാഗിലേക്ക് വെക്കാനായി പേസ്റ്റും ബ്രഷും സോപ്പും അവള്‍ക്ക് നീട്ടി ഞാന്‍ പറഞു.
'' അല്ലേലും ഈയിടെയായി നിങ്ങള്‍ക്ക് മറവി കൂടുതലാ'' ലക്ഷ്മി ചിരിയോടെ പറഞു...
'' പ്രായമായില്ലേ...?!.'' അവള്‍ ഒരു നിശ്വാസത്തോടെ കൂട്ടിചേര്‍ത്തു
അതെ പ്രായമായിരിക്കുന്നു .. കണ്ണാടിക്ക് മുന്നില്‍ നിന്ന് നര കയറി തുടങ്ങിയ മുടിയിലേക്കും മീശയിലേക്കും നോക്കി ഞാന്‍ ഓര്‍ത്തു..
''നാളെ മോന്‍ ഹോസ്റ്റലില്‍ന്ന് വരും പറ്റൂച്ചാ പെട്ടന്ന് തന്നേ തിരിച്ചു വരണേ..'' അവള്‍ ബാഗ് പൂട്ടി മൊബെെല്‍ ചാര്‍ജന്‍ ബാഗിന്‍റെ മുന്‍വശത്തെ അറയിലേക്കിട്ട് പറഞു.
''മ്... ''
വെറുതേ ഒന്ന് മൂളി അവളെ നോക്കാതെ ഞാന്‍ അലമാരക്കടുത്തേക്ക് നടന്നു. തേച്ച് മിനുക്കി ഹാംങ്ങറില്‍ തൂക്കിയ ഷര്‍ട്ടും പാന്‍റും ധരിച്ചു മുടി ചീകുമ്പോള്‍ക്കും ഒരു ഗ്ലാസ് നാരങ്ങാ ജ്യൂസുമായി ലക്ഷ്മി വന്നു...
'' കഴിച്ചിട്ട് പോയാ പോരെ?''
''വേണ്ട ലേറ്റാവും വഴിന്ന് കഴിച്ചോളാം'' ഗ്ലാസ്സവള്‍ക്ക് തിരിച്ചു നല്‍കി ഞാന്‍ ബാഗും കീയുമെടുത്ത് പുറത്തെക്ക് നടന്നു.
ഒഴിഞ ഗ്ലാസുമായി അവള്‍ പിറകെവന്നു. കാറില്‍ കയറി അവളെ നോക്കാതെ ഞാന്‍ പുറത്തേക്ക് തിരിച്ചു. സെെഡ് മിററിലൂടെ ഗേയ്റ്റ് പിടിച്ച് നോക്കി നില്‍ക്കുന്ന ലക്ഷ്മിയെ ഞാന്‍ കണ്ടു, ഒരു യാത്ര പറയാമായിരുന്നു ഞാനപ്പോ ഓര്‍ത്തു..
പാവമാണവള്‍ ഇതുവരെ ഒന്നിനും തന്നോട് ഒരു കുറ്റവും പറഞിട്ടില്ല, ആ അവളെ ചതിച്ച് ഈ യാത്ര വേണോ..... ?എല്ലാം അവസാനിപ്പിച്ചതല്ലേ ഇനിയത് വീണ്ടും തുറക്കണോ... ?
ജീവിതത്തിന്‍റെ നല്ലൊരു ഭാഗം കഴിഞിരിക്കുന്നു. മുടി നരച്ചു തുടങ്ങി , തന്നോളം വളര്‍ന്നൊരു മകനുണ്ട് , ഇനിയും.!!...
മനസ്സായിരം വട്ടം തിരിച്ചു പോവാന്‍ പറയുന്നു. പക്ഷെ ശരീരം സമ്മതിക്കുന്നില്ല.
ആ മുഖം ഒരിക്കല്‍ കൂടെ കാണാന്‍ തോനുന്നു.....
ശംഖുമുഖം ബീച്ചിലെ ആളൊഴിഞ കോണില്‍ കടലിലേക്ക് കണ്ണും നട്ടിരിക്കുമ്പോഴും ഇതേ മാനസീകാവസ്ഥയായിരുന്നെനിക്ക് ലക്ഷ്മിയുടെയും മകന്‍റെയും മുഖം മനസ്സീനെ വേധനിപ്പിച്ചു കൊണ്ടിരുന്നു..
''ദേവാ...''
പിന്നില്‍ നിന്നാവിളി അത് എന്‍റെ ഓര്‍മ്മയെ പതിനെട്ട് വര്‍ഷം പിന്നോട്ട് വലിച്ചു... മഹാരാജാസിന്‍റെ വരാന്തയിലും, ഇടവഴികളിലും, ഹോസ്റ്റല്‍ മുറിയിലും ഗുല്‍മോഹറിന്‍റെ ചുവട്ടിലുമൊക്കെയായത് മുഴങ്ങി.....
എന്‍റെ നെഞ്ച് ശക്തമായി മിടിക്കാന്‍ തുടങ്ങി, നാവ് വരളും പോലെ, കല് കുഴയുന്നു... വിയര്‍പ്പ് തുള്ളി ചാലായി നെറ്റയ്ക്കിരുവശവുമൊഴുകി....
ഞാന്‍ പതിയെ തിരിഞു....
ആ മുഖം....
മനപ്പൂര്‍വ്വം മറന്ന ആ മുഖം, ഓരോ രാത്രിയിലും തന്‍റെ നെഞ്ചിനെ കുത്തി നോവിക്കുന്ന ആ മുഖം തന്നേ..
ആര്‍ത്തിയോടെ, കൊതിയോടെ ,വേധനയോടെ ഞാനാമുഖത്തേക്ക് തന്നേ നോക്കിയിരുന്നു....
ഏറെ ഭംഗിയുണ്ടായിരുന്ന ആ പൂച്ചക്കണ്ണുകള്‍ വെച്ചിരിക്കുന്ന വട്ടക്കണ്ണട കൊണ്ടാണോ ?, പ്രായമായത് കൊണ്ടാണോ?? എന്നറിയാത്ത രീതിയില്‍ തിളക്കം നഷ്ട്ടപ്പെട്ടിരിക്കുന്നു. കാറ്റിനൊപ്പം പറക്കുന്ന മുടിയിഴ അവിടയിവടെയായി നര... കഷണ്ടി കയറി തുടങ്ങിയിരിക്കുന്നു. ഇന്‍ ചെയ്ത ഷര്‍ട്ടില്‍ ചാടിയ വയര്‍....
'' ഹരീ...'' ചിലമ്പിച്ച സ്വരത്തില്‍ ഞാന്‍ വിളിച്ചു..
''സുഖാണോ..?'' നിറഞു തുടങ്ങിയ കണ്ണുകള്‍മറച്ചവന്‍ ചോതിച്ചു...
സുഖാണോ.... ? ഞാനതെന്നോട് തന്നേ ചോതിച്ചു...
''സുഖം ., തനിക്കോ ? ചെറു പുഞ്ചിരി വരുത്തി ഞാന്‍ തിരിച്ചു ചോതിച്ചു...
കടലിലേക്ക് കണ്ണ് നട്ടവന്‍ ഇരുന്നു..
'' സുഖം '' യാത്രികമായി മറുപടി...
പിന്നേ മൗനം....
എന്ത് പറയണമെന്നറിയാതെ ഞങ്ങളിരുന്നു... പറയാന്‍ ഒരായിരം കഥകളുണ്ടായിരുന്നിട്ടും ഒന്നും മിണ്ടാനാവാതെ...
'' തന്‍റെ... ഭാര്യേം മക്കളും...?'' ഹരി മടിച്ച് മടിച്ച് ചോതിച്ചു..
'' സുഖായിരിക്കുന്നു. മോനിപ്പോ കോയമ്പത്തൂരാണ് പഠിക്കുന്നേ..'' ഞാന്‍ പറഞു..
''ആഹാ .. മോന്‍റെ പേരന്താ..?".അവന്‍ ചോതിച്ചു..
മറുപടി പറയാന്‍ ഞാനൊന്ന് മടിച്ചു...
''ഹരി... ഹരിദേവ് ''¡¡ ഞാന്‍ അവനെ നോക്കാതെ പറഞു..
പിന്നേ നിശ്ശബ്ദത... ഹരി തിരിഞ് കണ്ണു തുടയ്ക്കുന്നതെനിക്ക് കാണാമായിരുന്നു.
''തന്‍റെ കുടുംബം... മോളിപ്പോ എന്ത് ചെയ്യുന്നു..''?
"അവളിപ്പോ മഹാരാജാസിലാ.. അവസാന വര്‍ഷം..'' ഹരിയുടെ ശബ്ദത്തില്‍ ചിലമ്പിച്ച ഉണ്ടാരുന്നു.
''പതിനൊന്ന് വര്‍ഷമായിരിക്കുന്നല്ലേ നമ്മള്‍ തമ്മില്‍ കണ്ടിട്ട്'?"' ഞാന്‍ ചോതിച്ചു...
'' മ്.. ഇടയ് ഫേസ്ബുക്കിലെ ഫോട്ടോസ് എടുത്ത് നോക്കും നീ സന്തോഷത്തോടെ ഇരിക്കുന്നു എന്നറിയുമ്പോ ഞാനും സന്തോഷിക്കും...'' ഹരി പതിയെ പറഞു..
'' ഞാനും... പലവട്ടം മെസ്സേജയക്കാന്‍ തുനിയും.. പ്രൊഫെെല്‍ ഫോട്ടോയില്‍ നീ ഇട്ട നിന്‍റെ ഭാര്യയുടെയും മകളുടെയും മുഖമോര്‍ക്കുമ്പോ വേണ്ടാന്ന് വെക്കും'' ഞാന്‍ പറഞു..
'' ഞാനിടുന്ന പോസ്റ്റുകളത്രയും നിനക്ക് വേണ്ടി മാത്രമായിരുന്നു..'' ഒരു ചിരിയോടെ ഹരി പറഞു..
'' നരച്ചു..'' ഞാനവന്‍റെ മുടി നോക്കി പറഞു..
അവനെന്‍റെ മുടിയിലേക്ക് നോക്കി ചെറു ചിരിയാ ചുണ്ടില്‍ വിരിഞു....
'' ഇപ്പോ ജനിച്ചിരുന്നേ ഒരുപക്ഷെ നമ്മള്‍ സ്വപ്നം കണ്ടതൊക്കെ നടന്നേനെ അല്ലേ..?.'' ഞാന്‍ അറിയാതെ ചോതിച്ചു പോയി..
മൗനം....
''നമുക്ക് ഒന്ന് നടക്കാം?'' ദേവന്‍ ചോതിച്ചു..
ഞാനെണീറ്റു പൂഴിമണലിലൂടെ ഞങ്ങള്‍ നടന്നു.. ഞങ്ങള്‍ക്ക് മുന്‍പിലായി രണ്ട് ആണ്‍കുട്ടികള്‍ കെെകോര്‍ത്ത് പോവുന്നത് ഞങ്ങള്‍ കണ്ടു ഞാന്‍ ദേവന്‍റെ കെെകള്‍ കോര്‍ത്തു..... നടന്നു.. കഥകള്‍ പറഞു പൊട്ടിച്ചിരിച്ചു...
നടത്തം തുടര്‍ന്നപ്പോ ഞങ്ങളുടെ കെെകള്‍ വേര്‍പ്പെട്ടു.. കണ്ണീരുപ്പു കലര്‍ന്ന ഒരുകാറ്റപ്പോ ഞങ്ങളെ തഴുകി വിരലുകളില്‍ ചുറ്റിവരിഞ വിവാഹ മോതിരത്തിലേക്ക് ഞങ്ങള്‍ നോക്കി... നിറഞ മിഴികളൊളിപ്പിച്ച് പുഞ്ചിരിച്ച് ഞങ്ങള്‍ നടന്നു....
ഞങ്ങളുടെ മനസ്സുപോലപ്പോ ആകാശവും മൂടിക്കെട്ടി പെയ്യാന്‍ വിതുമ്പി നിന്നു.....
<<<<Roshan RJ>>>>>>>>©©©©©©©RJ
എത്ര തവണ വായിച്ചിരിക്കുന്നു, എന്നാലും ഉള്ളിലെ ആ വിങ്ങൽ ഇന്നും അവസാനിച്ചിട്ടില്ല.. 🌹
മറുപടിഇല്ലാതാക്കൂ