2021, സെപ്റ്റംബർ 26, ഞായറാഴ്‌ച

അയാളും ഞാനും തമ്മില്‍

 

അയാളും ഞാനും തമ്മില്‍.

ഭാഗം 1


ഒരു പക്ഷെ ഈ കുറിപ്പെനിക്ക് പൂര്‍ത്തീകരിക്കാന്‍ കഴിഞെന്ന് വരില്ല.. പക്ഷെ പ്രതീക്ഷയോടെ ഞാനെഴുതി തുടങ്ങുകയാണ്..  ഞങ്ങള്‍ പരിചയപ്പെട്ട ശേഷമുള്ള എന്‍റെ ആദ്യ ബര്‍ത്ത് ഡേയ്ക്ക്  എനിക്കെറ്റവും പ്രിയപ്പെട്ടൊരാള്‍ വാങ്ങി തന്ന ഡയരിയിലാണ് ഞാനിത് കുറിക്കുന്നത്.  

   ഡയരിയെഴുതി ശീലമില്ലാത്ത എനിക്ക് എന്തിനാണീ ഡയരി എന്നു ഞാന്‍ ചോദിച്ചപ്പോ , ''നമ്മുടെ ജീവിതത്തിലേ മനോഹര നിമിഷങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ വേണ്ടി മാത്രം''എന്ന് ചിരിച്ചു കൊണ്ടുള്ള  മറുപടി  എന്‍റെ കാതില്‍ ഇപ്പോളും ഉണ്ട്...

     

ഇപ്പോ ഞാന്‍ തനിച്ചായ പോലെ തോന്നാ.. ഈ നാല് ചുവരുകള്‍ക്കുള്ളില്‍ എത്ര നാളായെന്നറിയോ കാറ്റ് കൊണ്ടൊന്ന് പുറത്തിരുന്നിട്ട്. ആരോടെങ്കിലും സംസാരിച്ചിരിക്കാന്‍ തോന്നി അപ്പോളാണ്  ഡയരിയുടെ ഓര്‍മ്മ വന്നേ.. 


ഇനിയുള്ള എന്‍റെ നാളുകള്‍ ഇങ്ങനെ തള്ളി നീക്കാം.. വര്‍ഷം തെറ്റാണ് നാല് വര്‍ഷങ്ങള്‍ കടന്ന് പോയിരിക്കുന്നു. 2014 ഏപ്രില്‍ 3 ന് എന്‍റെ ബര്‍ത്ത് ഡേയ്ക്കാണിത് എന്‍റെ കെെയ്യില്‍ കിട്ടിയത് ഇതിപ്പോ 2018 ആയിരീക്കുന്നു... 


2014 മെയ് 6


  പുറത്ത് മഴയുടെ ശബ്ദം കേള്‍ക്കുന്നുണ്ട് , മഴനനയാന്‍ കൊതിയുണ്ട് പക്ഷെ തണുപ്പൊന്നും അമിതമായി ഏല്‍ക്കരുതെന്ന് ഡോക്ടര്‍ പറഞിട്ടുണ്ട് , അല്ലെങ്കിലും ഇനിയെത്ര നാള്‍ എനിക്കും മടുത്ത് തുടങ്ങി.

     

    ഇന്നും ദേവനങ്കിള്‍ വന്നു. ഒരു പാട് നേരം എന്നേ പരിശോധിച്ചു.. കാലുകള്‍ക്ക് ചെയ്യേണ്ട പുതിയ വ്യായാമമുറകള്‍ അമ്മയ്ക്കും പപ്പയ്ക്കും കാണിച്ചു കൊടുത്തു. കുറേ നേരം എന്നോട് സംസാരിച്ചു. അങ്കിള്‍ നെറ്റിയില്‍ കെെ വെച്ച് ഇപ്പോ നല്ല മാറ്റമുണ്ട് ഏറിയാല്‍ നാല് മാസത്തില്‍ എണീറ്റു നടക്കും എന്ന് പറഞപ്പോ  എനിക്ക് ചിരിയാണ് വന്നത്.. 

     ഒരിക്കലും നടക്കാത്ത കാര്യമാണതെന്നെനിക്കറിയാം.. എന്നാലും ഞാനത് പുറത്ത് കാണിച്ചില്ല. പ്രതീക്ഷയോടെ അങ്കിളിന്‍റെ മുഖത്ത് നോക്കുന്ന പപ്പയുടേയും      അമ്മയുടെയും മുഖം കണ്ടപ്പോ എന്‍റെ നെഞ്ചുരുകിപ്പോയി...

 


    2014 മേയ് 7

        

 പപ്പ ഇന്ന് കുറേ പുസ്തകങ്ങള്‍ കൊണ്ടു വന്നു. കുറച്ച് വായിച്ചു. പെട്ടന്ന് തന്നേ മടുത്തു.. വരയ്ക്കാന്‍ ആഗ്രഹം തോനുന്നു. പക്ഷേ മനസ്സ് മടുപ്പിക്കുന്നു. 

   

   എനിക്കത്ഭുതമാണ് എന്‍റെ കാര്യം.. ഒരു നിമിഷം പോലും വീട്ടിലിരിക്കാത്ത ഞാന്‍ ഇപ്പോ ഇരുപത്തി നാല് മണിക്കൂറും ബെഡ്ഡില്‍ തന്നേ.. അനങ്ങാന്‍ പോലുമാവാതെ.. 


സമയം പോവാത്ത പോലെ ..പുസ്തകങ്ങള്‍ വെറുതെ കുറെ നോക്കി കിടന്നു. അമ്മ ഇടക്കിടെ വന്നു. അടുത്തിരുന്നു കഥ പറഞു.. 


ഉറങ്ങാന്‍ കുറേ ശ്രെമിച്ചു പലപ്പോഴും നീയെന്‍റെ ഉറക്കം കെടുത്തി.. കണ്ണടയ്ക്കുമ്പോ തെളിയുന്നത് നിന്‍റെ മുഖവും ആ ദിവസവും മാത്രമാണ്....


കെെ വേധനിക്കുന്നു ഇപ്പോ എന്‍റെ ഇഷ്ട്ട പ്രകാരമല്ല ജീവിതം, ശരീരം പറയുന്നത് അനുസരിക്കലാണ്... 




2014 മെയ് 8


  രാവിലെ എണീറ്റപ്പോ മുതല്‍ മടുപ്പായിരുന്നു , അല്ലെങ്കില്‍ തന്നെ ഈ കറങ്ങുന്ന ഫാനും , ജനല്‍ കര്‍ട്ടണും കണ്ട് കണ്ട് ആര്‍ക്കാ മടുപ്പാവാത്തെ. 

   ഇന്ന് രാഹൂലും ഇമയും വന്നു. എന്‍റെ ഫ്രണ്ട്സ് , അല്ല എന്‍റെ കൂടെ പിറപ്പുകള്‍.  വെെകുന്നേരം വരെ അവരുണ്ടായിരുന്നു. അവരു വരുമ്പോഴാണ് ഞാന്‍ മനുഷ്യനാണെന്ന തോന്നല്‍ പോലും എനിക്കുണ്ടാവുന്നത്. എന്‍റെ രോഗം പോലും ഞാന്‍ മറക്കും.

    ഇമയാണ് എനിക്ക് ആഹാരം വാരിതന്നത്.

രാഹൂല്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഉപ്പിലിട്ട കെെതച്ചക്ക കൊണ്ടു വന്നിരുന്നു. അമ്മ കാണാതെ ഒരു കഷണം കഴിച്ചു..


     ഇനി അടുത്താഴ്ച ലീവിനേ അവര്‍ വരൂ.. അതിനായുള്ള കാത്തിരിപ്പിലാണ്..


2014  മേയ് 9


      ഇന്ന് ദേവനങ്കിള്‍ വന്നു. കാലില്‍ തൊട്ടപ്പോ , ചെറുതായി ആ സ്പര്‍ഷം ഞാനറിഞ പോലെ തോന്നി തോന്നല്‍ , അതെ ചെറുതായി ഞാനറിയുന്നു. എല്ലാരിലും പ്രതീക്ഷ വന്ന പോലെ .. എന്നിലും. 

 തിളച്ചു മറിയുന്ന മനസ്സില്‍ ചെറിയൊരാശ്വാസം..


2014 മെയ് 10


  കാലില്‍ ഉഴിച്ചിലും മറ്റുമായി ഇന്ന് മറ്റ് രണ്ട് ആളുകള്‍ കൂടെ വീട്ടില്‍ വന്നു. രണ്ട്‌ പ്രായം കൂടിയ ആളുകള്‍..  അരക്കെട്ടില്‍ മാത്രം തുണി വെച്ച് അവര്‍ക്ക് മുന്നില്‍ നഗ്നനായി കിടക്കുമ്പോ എനിക്ക് വല്ലാത്ത നാണവും ദേഷ്യവും ഒക്കെ തോന്നി. 

  പണ്ട് ബാത്ത്റൂമില്‍ കയറിയാലേ ഞാന്‍ ഡ്രെസ്സ്  അഴിക്കാറുള്ളായിരുന്നു. കുളി കഴിഞ് അവിടന്ന് തന്നേ ചെയ്ഞ്ച് ചെയ്ത് ഇറങ്ങി വരും ഇതിപ്പോ...


2014 മെയ്  13


കഴിഞ രണ്ട് ദിവസങ്ങളില്‍ ഡയരിയെഴുതിയില്ല. വിശേഷങ്ങള്‍ ഒന്നുമില്ലായിരുന്നു. ഉഴിച്ചിലും ധാരയും ഒക്കെയായി ദിവസങ്ങള്‍ പോയി. 

  ഇന്നൊരു പ്രത്യേക ദിവസമാണെന്നെനിക്ക് രാവിലേയേ ഒരു തോന്നല്‍ ഉണ്ടായിരുന്നു. അതിനര്‍ത്ഥം ദേവനങ്കിള്‍ വന്നപ്പോളാണ് ഞാനറിഞത്. അങ്കിളിനൊപ്പം ഉഴിച്ചില്‍ കാരുമുണ്ടായിരുന്നു. ആ പ്രായം കൂടിയ ആള്‍ക്ക് പകരം പുതിയൊരാള്‍ 

   ഈശ്വരാ അയാളെ കണ്ടപ്പോ ആദ്യം ഞാനൊന്നമ്പരന്നു. എന്‍റെ ഓര്‍മ്മയില്‍ തെളിഞത് ഹരിയേട്ടാ നിങ്ങളുടെ മുഖമാണ്. ആ കട്ടി മീശയും നുണക്കുഴി കവിളും കളര്‍ മാത്രമേ കുറവുള്ളൂ.. ഞാനയാളെ തന്നേ നോക്കുന്നത് കണ്ടാവണം അദ്ധേഹം എന്നേ നോക്കി ചിരിച്ചത്.  ചിരിക്കുെമ്പോ കവിളില്‍ തെളിഞ നുണക്കുഴി എന്നെ നിങ്ങളുടെ കവിലെ നുണക്കുഴിയില്‍ ഞാന്‍ കൊതിയോടെ നോക്കി നിന്ന നാളുകളിലേക്ക് കൊണ്ടു പോയി. വേണ്ട ഒന്നും ഓര്‍ക്കണ്ട ഞാനെന്‍റെ കണ്ണുകളിറുക്കിയടച്ചു..


     ഇന്നത്തെ ഉഴിച്ചില്‍ എനിക്കേറെ ഇഷ്ട്ടമായി. കാലില്‍ ചെറു സ്പര്‍ഷം ഞാനറിയുന്നു. മനു കൃഷ്ണ എന്നാണയാളുടെ പേര്. പുള്ളി നന്നായി സംസാരിക്കും.. സമയം പോയതേ അറിഞില്ല.  


നാളെയും ഇയാള്‍ തന്നെയാവണേ എന്ന് ഞാനഗ്രഹിച്ചു..


2014 മെയ് 14


ദേവനങ്കിള്‍ വരാന്‍ ഞാനിന്നേറെ കാത്തിരുന്നു. വന്നപ്പോ ദേവനങ്കിള്‍ മാത്രമേയുള്ളൂ. ഉഴിച്ചില്‍ കാരാരും ഇല്ല. എന്തോ പെട്ടന്നെന്‍റെ സന്തോഷമെല്ലാം പോയി. 

  അങ്കിളെന്‍റെ കാലുകള്‍ പരിശോധിക്കുമ്പോളാണ് ഒരു ബാഗും തുക്കി മനു മുറിയിലേക്ക് വന്നത്. എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ട്. 


    ഇനി മുതല്‍ മനുവും ഇവിടെയുണ്ടാവും എന്‍റെ കാര്യങ്ങള്‍ നോക്കാന്‍ . എന്നില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടത്രേ.. അതു കൊണ്ട് മുഴുവന്‍ സമയവും ഒരാള്‍ കൂടെ വേണം. 


ഞാനേറെ സന്തോഷിച്ച ദിനമാണിന്ന് മനുവേട്ടന്‍ ഞങ്ങള്‍ പെട്ടന്ന് തന്നേ കൂട്ടായി. സമയം പെട്ടന്ന് പോയ പോലെ..


എന്‍റെ മനസ്സ് ഞാനറിയാതെ കെെ വിട്ട് പോവുന്നു. വേണ്ട ഒന്നും. ഹരിയേട്ടന്‍റെ മുഖം അത് മാത്രമേ തന്‍റെ ഉള്ളില്‍ മരണം വരെ ഉണ്ടാവാവു..അതേ പാടുള്ളൂ..




2014 മെയ് 15


 രാവിലെ ഭക്ഷണം കഴിപ്പിച്ചത് മുതല്‍ ശരീരം നനച്ച് തുതടച്ചത് വരെ മനുവേട്ടനായിരുന്നു. പരിചയമില്ലാത്ത ഒരാള്‍ക്ക് മുന്നില്‍ നഗ്നനായി കിടക്കുന്നത്  വല്ലാത്ത ഒരു അവസ്ഥയാണ് അതനുഭവിച്ചാലേ ആ വേധന അറിയു..

     ഓരോ കഥകള്‍ പറഞ് എപ്പോളും മനുവേട്ടന്‍ അടുത്ത് തന്നെ ഉണ്ടാവും , എന്‍റെ മനസ്സ് പലവട്ടം കെെവിട്ട് പോവാന്‍ തുടങ്ങിയപ്പോഴും ഞാന്‍ നിയന്ത്രിച്ചു..

     പക്ഷെ മനുവേട്ടന് എന്നോട് വെറും സഹതാപം മാത്രമായിരിക്കാം തോന്നുന്നത്..


2014 മെയ് 16


കാലില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്...  മനുവേട്ടന്‍ സമയാ സമയം ഉഴിച്ചില്‍ചെയുന്നുണ്ട്, കാലുകളിലെ വ്യായാമവും..


   എന്‍റെ കട്ടിലിനടുത്ത് കസേരയിട്ട് മിക്കപ്പോളും എന്തെങ്കിലും പറഞോണ്ടിരിക്കും, ഡയരിയാരും കാണെരുതെന്നെനിക്കിപ്പോ നിര്‍ബന്ധമുണ്ട്..

മരണം മുന്നിലുണ്ടെന്ന തോന്നലിലാണ് ഈ തുറന്നെഴുത്തിന് നിന്നത് പക്ഷെ ഇപ്പോ പ്രതീക്ഷ തോനുന്നു..


വളരെ കുറച്ചെ എഴുതാനാവുന്നുള്ളൂ.. കെെ എളുപ്പം വേധനിക്കുന്നു..


2014 മേയ്  17


ഇന്നലേ രാത്രി ഞാനൊരു ദുസ്വപ്നം കണ്ടു.  മലമുകളിലടെ നടക്കുന്ന ഞാനും ഹരിയേട്ടനും , പതിവില്ലാതെ ഹരിയേട്ടനൊന്നും സംസാരിക്കുന്നില്ല ചെറിയ ചാറ്റല്‍ മഴയുണ്ട്  മലയുടെ മുകളിലെത്തിയപ്പോ ഹരിയേട്ടനെന്നെ കെട്ടിപ്പിടിച്ചു. പിന്നെ  എന്നോട് യാത്ര പറഞുജ കൊക്കയ്ക്ക് നേരെ ഓടി അതിനടുത്ത് നിന്ന് എന്‍റെ നേരേ നോക്കി കെെകള്‍ നീട്ടി ഞാനതിന് നേരെ ഓടുമ്പോള്‍ക്കും ഹരിയേട്ടന്‍ ആ കൊക്കയിലേക്കെടുത്ത് ചാടിയിരുന്നു.  പതിവില്ലാത്ത ആ സ്വപ്നത്തില്‍ ഞാന്‍ ഹരിയേട്ടനെ വിളിച്ചുറക്കെ കരഞത്രേ.. മനുവേട്ടനെന്നെ ആശ്വസിപ്പിക്കാന്‍ നന്നേ പാടുപ്പെട്ടു. 


  ആരാണ് ഹരി എന്ന ചോദ്യം മനു വേട്ടനില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചെങ്കിലും ഭാഗ്യത്തീന് അതുണ്ടായില്ല...


2014 മെയ് 18


  ഇന്ന് ഞാനാകെ നാണം കെട്ടു. മനുവേട്ടന്‍ എന്‍റെ ശരീരം തുടയ്ക്കുമ്പോള്‍ അരക്കെട്ടില്‍ ഒരു തുണിമാത്രം വെച്ചു കിടന്ന എന്‍റെ ജനനേന്ദ്രിയം പെട്ടന്ന് ഉണര്‍ന്നു അത് മറയ്ക്കാനാവാതെ ഞാന്‍ കിടന്നുഴറി. മനുവേട്ടനതുകണ്ടന്നാ ചുണ്ടില്‍ വിരിഞ ചിരിയില്‍ നിന്നെനിക്ക് മനസ്സിലായി..


     എന്‍റെ ശരീരത്തില്‍ ചെറിയ ചെറീയ മാറ്റങ്ങള്‍ ഉണ്ടായി കൊണ്ടിരീക്കുന്നു..


2014 മെയ് 19


ഇന്ന് എന്തോ ഞാനേറെ സന്തോഷവാനായിരുന്നു. കാരണമറിയില്ല. മനസ്സിനൊരുന്മേഷം. മനുവേട്ടനും അതൊരത്ഭുതമായിരുന്നു. ഞങ്ങളിന്നേറെ സംസാരിച്ചു. അത്ഭുതമെന്തന്നാല്‍ എന്‍റെ ഈ അവസ്ഥയുടെ കാരണം മനുവേട്ടനൊരിക്കല്‍ പോലും ചോതിച്ചില്ല എന്നതാണ്..


 സംസാരിക്കുമ്പോ ഞാന്‍ പോലുമറിയാതെ എന്‍റെ കട്ടിലില്‍ വെച്ച അദ്ധേഹതിന്‍റെ  കെെ മുകളില്‍ എന്‍റെ കെെ വെച്ചു. മനുവേട്ടനെന്‍റെ കെെ  എടുത്തതില്‍ പതിയേ തടവി കൊണ്ടിരുന്നു. ഈ മനുഷ്യനോടെനിക്കെന്തോ അടുപ്പം തോന്നിയിരിക്കുന്നു. ഞാന്‍പോലും ആഗ്രഹിക്കാത്ത എന്തോ ഒരടുപ്പം..


2014 മേയ് 20


ഇന്ന് അമ്മയുടെ കുടുംബത്തിലെ കല്ല്യാണമാണ് അവരവിടെ പോയിരിക്കുകയാണ് മനുവേട്ടനെ അവര്‍ക്കിപ്പോ നല്ല വിശ്വാസമാണ്. രണ്ട് ദിവസം കഴിഞേ മടങ്ങി വരൂ..


  എന്തോ എനിക്ക് ചെറിയ ഭയം എന്‍റെ മനസ്സ് അത് മാറാന്‍ തുടങ്ങിയിരിക്കുന്നു. മനുവേട്ടന്‍ അടുത്ത് വരുമ്പോ ഹൃദയമിടിപ്പ് കൂടുന്നു. വേണ്ട അരുത് എന്നൊക്കെ പഠിപ്പിച്ചിട്ടും മനസ്സനുവധിക്കുന്നില്ല. മനുവേട്ടനടുത്തിരിക്കുമ്പോളെല്ലാം ഹരിയേട്ടന്‍റെ ഓര്‍മ്മ തെളിയുന്നു. ആമുഖം കാണുമ്പോളെല്ലാം ഹരിയേട്ടന്‍റെ ചിരി കേള്‍ക്കുന്നു.  


മനസ്സിപ്പോ കടിഞാണ്‍ പൊട്ടിയ പട്ടം കണക്കേ പറക്കുകയാണ് എങ്ങോട്ടെന്നില്ലാതെ അത് നിയന്ത്രിച്ചേ മതിയാവു.. ഒരു ദിവസം ഹരിയേട്ടന്‍ വരും ഒരുമിച്ച് കണ്ട സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ തന്‍റെ മനസ്സില്‍ ഇനി മറ്റൊരാള്‍ ഉണ്ടായിക്കൂട ഒരിക്കലും.. 


2014 മെയ് 21


എനിക്ക് ഒന്ന് പുറത്തിരിക്കണമെന്ന് മനുവേട്ടനോട് തമാശപോലെ പറഞതാണ് , പക്ഷെ അദ്ധേഹമത് കാര്യമായെടുക്കുമെന്ന് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. വീല്‍ ചെയറില്‍ എന്നെ എടുത്ത് ഇരുത്താന്‍ നന്നായി ബുദ്ധിമുട്ടി , എന്നാലും ദിവസങ്ങള്‍ക്ക് ശേഷം ഇരുന്നതിനാല്‍ ചെറിയ വേധനയുണ്ടായിരുന്നു.  മുറിക്ക് പുറത്തേക്ക് വീല്‍ ചെയര്‍ തള്ളുമ്പോ പരിചയമില്ലായ്മ എനിക്കനുഭവപ്പെട്ടു. ഒരു പക്ഷെ ആയൂര്‍വ്വേത ആശുപത്രിയില്‍ വീല്‍ ചെയര്‍ ഇല്ലായിരിക്കാം..


   വളരെ നാളുകള്‍ക്ക് ശേഷം ഞാനിന്ന് ശുദ്ധവായു ശ്വസിച്ചു. ഒരു പാട് നേരം കാറ്റ് കൊണ്ട് കഥകള്‍ പറഞ് ഉമ്മറത്ത് ഞങ്ങളിരുന്നു. 


തിരിച്ചെന്നെ കട്ടിലില്‍ കിടത്താനായി മനുവേട്ടനെടുത്തപ്പോ എന്‍റെ ഉള്ളില്‍ ചെറുകുളിരുണ്ടായത് ഞാനാസ്വദിച്ചു..




2014 മെയ് 22


എന്‍റെ മനസ്സിപ്പോ വല്ലാത്ത ഒരവസ്ഥയിലാണ്. മുന്‍പ് ആദ്യമായി ഹരിയേട്ടനെ പരിചയപ്പെട്ട ശേഷമുള്ള ആ ഒരു സുഖം വീണ്ടും ..

   മനുവേട്ടനടുത്തിരിക്കുമ്പോ ഹരിയേട്ടന്‍റെ സാമീപ്യം അറിയുന്ന പോലെ ഒരു പക്ഷെ കട്ടി മീശയും നുണക്കുഴി കവിളിലും ഞാന്‍ ഹരിയേട്ടനുമായി സാമ്യം കണ്ടെത്തിയതിനാലാവാം..


     ഇന്നും മനുവേട്ടന്‍ ശരീരം നനച്ചു തുടയ്ക്കുമ്പോ പതിവുപോലെ തന്നെ ജനനേന്ദ്രിയം ഉണര്‍ന്നു വന്നു പക്ഷെ എനിക്ക് ചമ്മലുണ്ടായില്ല. ഞാന്‍ മാറിപ്പോയ തുണിപോലും നേരെയാക്കാതെ കിടന്നു. പക്ഷെ മനുവേട്ടന്‍ അത് നേരെയാക്കി ശരീരം വൃത്തിയാക്കി വസ്ത്രം ധരിപ്പിച്ചു. 


     ഭക്ഷണം കഴിച്ച് പതിവ് പോലെ കട്ടിലിനടുത്ത് കസേരയിട്ട് കഥ പറയുമ്പോ ഞാധദ്ദേഹത്തിന്‍റെ കെെകള്‍ പതിയെ പിടിച്ചിരുന്നു. എതിര്‍ക്കാതെ വലതു കെെകൊണ്ട് എന്‍റെ മുടിയില്‍ തലോടി അദ്ധേഹമിരുന്നപ്പോ വാത്സല്ല്യവും സ്നേഹവും പറയാതെ ഞാനറിയുകയായിരുന്നു..


2014 മെയ് 23


ഇന്നലെ രാത്രിയായിരുന്നു അമ്മയും അഛനും വരാന്‍.  താന്‍ പഴയതിലും ഉന്മേഷവാനായി കാണപ്പെട്ടതില്‍ മനുവേട്ടനെ അഛനഭിനന്ദിച്ചു.  എനിക്കുമതില്‍ വളരെ സന്തോഷം തോന്നി. 


    ഇന്ന് ദേവനങ്കിള്‍ വന്നു. ശരീരത്തില്‍ നല്ലമാറ്റമുണ്ട് കാല് മടങ്ങുന്നതും തൊടുന്നതും ഒക്കെ അറിയുന്നു. 


   ഇന്ന് മറ്റൊരു കാര്യമുണ്ടായി , ഭക്ഷണശേഷം കട്ടിലിനടുത്ത് കസേരയിട്ടിരിക്കുന്ന മനുവേട്ടന്‍ എന്‍റെ നെറ്റിയില്‍ ചുംബിച്ചു. ആദ്യചുബനം. അതിന്‍റെ ലഹരിയില്‍ ഞാനദ്ദേഹത്തിന്‍റെ കെെകളിലും ചുംബനം നല്‍കി എതിര്‍പ്പൊന്നും ഉണ്ടായില്ല. പറഞറിയിക്കാനാവാത്ത ലഹരിയില്‍ ഞാദ്ധേഹത്തെ പ്രേമപൂര്‍വ്വം വിളിച്ചു. പക്ഷെ മനുവേട്ടാ എന്നായിരുന്നില്ല.. ഹരിയേട്ടാ എന്നായിരുന്നത്..


ഇന്നതും സംഭവിച്ചു മനുവേട്ടനാദ്യമായി ഹരിയേട്ടനെ കുറിച്ചു ചോതിച്ചിരിക്കുന്നു...

     തെറ്റൊന്നുമില്ല ,ആരായാലും ചോതിക്കും... ഞാന്‍ മറുപടിയൊന്നും പറഞില്ല..  മനുവേട്ടനത് സങ്കടമുണ്ടാക്കിയിരിക്കാം..


2014 മെയ് 24


   ഇന്നലെ രാത്രി തീരെ ഉറങ്ങിയില്ല. മനുവേട്ടനെ നോക്കിയപ്പോ തിരിഞു കിടന്നുറങ്ങുകയാണ്. എനിക്ക് വല്ലാത്ത സങ്കടമായി..

  ഇന്ന് രാഹൂലും ഇമയും വന്നു. എന്‍റെ മാറ്റം അവരെ അമ്പരപ്പെടുത്തി. രാഹൂലിനെ കൊണ്ട് ഞാന്‍ അലമാരയില്‍ സൂക്ഷിച്ച ചെറിയ ബാഗെടുപ്പിച്ചു ബെഡ്ഡില്‍ ഒരു മൂലയ്ക്ക് വെച്ചു. മനുവേട്ടന്‍ എന്‍റെ മുഖത്ത് പോലും നോക്കാതിന്ന് ജോലികള്‍ ചെയ്തു. അതെനിക്ക് വളരെയേറെ വിഷമമുണ്ടാക്കി.

   രാഹൂല്‍ മനുവേട്ടനെ എവിടേയോ വെച്ച് മുന്‍പ് കണ്ടിട്ടുണ്ടത്രേ.. 

 രാഹൂലും ഇമയും വെെകീട്ട് പോയി. 

വെെകീട്ട് കഞിയുമായി മനുവേട്ടന്‍ വന്നപ്പോ ഞാന്‍ കുടിക്കാന്‍ കൂട്ടാക്കിയില്ല.  കഞി ടേബിളില്‍ വെച്ച്  മനുവേട്ടന്‍ പോവാനെണീററപ്പോ ഞാനാ കെെകളില്‍ പിടിച്ചു എന്‍റെ കണ്ണുകള്‍ നിറഞിരുന്നു. അത് കണ്ടാവണം പതിവുപോലെ ചിരിച്ചു കൊണ്ട് മനുവേട്ടന്‍ വീണ്ടുമെന്‍റടുത്തിരുന്നത്. നിറഞ കണ്ണുകള്‍ തുടച്ച് എന്‍റെ നെറ്റിയില്‍ ഉമ്മ വെച്ചപ്പോ എനിക്ക് സമാധാനമായി. കഞി കോരി തരുമ്പോ ഞാന്‍ ബെഡ്ഡില്‍ വെച്ച ബാഗ് അദ്ധേഹത്തിന് നേരെ നീട്ടി.. 


രാത്രി കിടക്കാന്‍ നേരമാണ് മനുവേട്ടനത് തുറന്നത് എന്‍റെ ബെഡ്ഡിനടുത്തിരുന്ന്.. അതില്‍ ഹരിയേട്ടന്‍റെ ഫോട്ടോകളും ഞങ്ങളൊന്നിള്ള ഫോട്ടയും ഗിഫ്റ്റും ഒക്കെയാണ്. ഹരിയേട്ടന്‍റെ ഫോട്ടോ നോക്കിനിന്ന മനുവേട്ടന്‍ ഒന്നും പറഞില്ല. .... ഒരു പക്ഷെ പറയാതെ എല്ലാം മനസ്സിലായി കാണും..


2014 മെയ് 25


രാവിലെ കണ്ണു തുറക്കുമ്പോ മനുവെട്ടനെന്നെ തന്നെ നോക്കിയിരിക്കുകയാണ്. എനിക്കത്ഭുതമായിരുന്നു. എന്‍റെ നെറ്റിയിലൊരുമ്മ തന്നെന്നെ എഴുന്നേല്‍പ്പിച്ചിരുത്തി. പുതിയ മാറ്റങ്ങള്‍..


   മനസ്സിനും ശരീരത്തിനും മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു. ദേവനങ്കിള്‍ വന്നപ്പോ അത് പറയുകയും ചെയ്തു. ഇനി വീല്‍ ചെയറില്‍ മുറ്റത്തും പുറത്തും ഒക്കെ പോവാം എന്നദ്ധേഹം പറഞപ്പോ മനുവേട്ടനെന്നെ നോക്കിയൊരു കള്ളച്ചിരിചിരിച്ചു.


ഇന്ന് മുഴുവന്‍ വീല്‍ ചെയറിലായിരുന്നു. ഉമ്മറത്തും മുറ്റത്തുമൊക്കെയായി.. 


2014 മെയ് 28


മൂന്നാല് ദിവസം ഒന്നും എഴുതാനുണ്ടായില്ല. ശരീരത്തിന് നല്ല മാറ്റമുണ്ട് ഞാന്‍ പഴയതിലും ഉന്മേഷവാനായിരിക്കുന്നു. ദേവനങ്കില്‍ പറഞതനുസരിച്ച് പതിയെ നടക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട് മനുവേട്ടന്‍റെയും അച്ചന്‍റെയും തോളില്‍ തൂങ്ങിയാണ് പരിശ്രമം..

    മനുവേട്ടന്‍ എന്നോട് കൂടുതല്‍ അടുക്കുന്നു. പക്ഷെ പുള്ളിയൊരു 

സ്വവര്‍ഗ്ഗാനുരാഗിയല്ല എന്നെനിക്കുറപ്പാണ്..  എന്നാലും പലപ്പോളും ആ കണ്ണുകളില്‍ പ്രണയം ഞാന്‍ കാണുന്നുണ്ട്..


     എന്നെങ്കിലും ഹരിയേട്ടന്‍ വരും മനുവേട്ടനുവേണ്ടി താന്‍ ഹരീയേട്ടനെ ഉപേക്ഷിക്കുമോ.. എനിക്ക് അതിനൊരിക്കലും കഴിയില്ല. ഈ ദുരവസ്ഥ ഞാന്‍ വരുത്തി വെച്ചത് തന്നെയാണ്. ഇത്രയും നാള്‍വരാത്ത ഒന്നു വിളിക്കുക പോലും ചെയ്യാത്ത ഹരിയേട്ടന്‍ ഇനി വരുമോ.. വേണ്ട.. എല്ലാം  വരുന്നിടത്ത് വെച്ച് കാണാം..


2014 മെയ് 29


മനുവേട്ടന്‍ എന്നേ നടത്താന്‍ കിണഞു പരിശ്രമിക്കുകയാണ്.. അഛനില്ല ഇന്ന് ഓഫീസില്‍ പോയിരിക്കുകയാണ്. പാവം ഒറ്റക്കാണിന്നെന്നേ താങ്ങിയത് ആ ശരീരത്തോട് ചേര്‍ന്നു നിക്കുമ്പോ വല്ലാത്ത സുഖം പലപ്പോളും ഞങ്ങളുടെ കണ്ണുകളിടഞു. ആ കണ്ണില്‍ ഇപ്പോ പതിവില്ലാത്ത തിളക്കം.. അതെനിക്ക് കാണാം..


2014 ജൂണ്‍ 2 


വളരെ സന്തോഷമുള്ള ദിനം. ഞാനിന്നു ആരും പിടിക്കാതെ രണ്ടടി നടന്നിരിക്കുന്നു. അഛനുമമ്മയ്ക്കും ഞാനൊരു കൊച്ച് കുട്ടി ആദ്യമായി തനിച്ചു നടക്കുന്നത് കണ്ട ഫീലായിരുന്നു.. മനുവേട്ടനെന്നെ കെട്ടിപ്പിടിച്ചു ആ കണ്ണില്‍ നനവുണ്ടായിരുന്നു.


 ചുവരുപിടിച്ചു നടക്കാനും ഞാന്‍ ശ്രെമം തുടങ്ങി.


2014 ജൂണ്‍ 3


ഇന്നു നടന്നു പഠിക്കല്‍ തന്നെയായിരുന്നു ,  മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു.


2014 ജൂണ്‍ 5


ചെറുതായി നടക്കാം എന്നാലും മനുവേട്ടനെന്‍റെ കൂടെ തന്നേയുണ്ട്...


2014 ജൂണ്‍ 9


ഞാനിപ്പോ ദേവനങ്കിളിന്‍റെ ആയൂര്‍വ്വേധ ഹോസ്പ്പിറ്റലിലെ ഇരുപത്തി ആറാം നമ്പര്‍ മുറിയിലാണ്. ശരീരം പാതിയും തളര്‍ന്ന് പഴയപോലെ മരണം കാത്ത്.. മരിച്ചാ മതിയെന്നു തന്നാണിപ്പോ..  മനുവേട്ടനും അടുത്ത് തന്നെയുണ്ട് ആരിലും പ്രതീക്ഷ കാണുന്നില്ല. മരണം ഞാനിപ്പോ ഏറെ ആഗ്രഹിക്കുന്നു.


   വയ്യ കെെ വല്ലാതെ വേധനിക്കുന്നു..



*2014 ജൂണ്‍ 11*


എന്നില്‍ പ്രതീക്ഷ പൂര്‍ണ്ണമായി അവസാനിച്ചിരിക്കുന്നു. ആര്‍ക്ക് വേണ്ടിയിയിരുന്നോ കാത്തിരുന്നത് അവരിനിയൊരിക്കലും വരില്ല എന്ന് നമ്മള്‍ തിരിച്ചറിയുന്ന നിമിഷം അതെത്ര വേധനാജനകമാണെന്നനുഭവിച്ചാലേ അറിയൂ..

 എത്ര മറച്ചു വെച്ചാലും ചില സത്യങ്ങള്‍ നമ്മെ തേടിവരും , ഹരിയേട്ടന്‍ , ഇനിയൊരിക്കലും വരില്ല എന്ന് മനസ്സ് പലപ്പോഴും പറഞിരുന്നെങ്കിലും ഇങ്ങനൊരു കാരണം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

   എല്ലാവരും തന്നോട് കള്ളം പറയുകയായിരുന്നു അഛനും അമ്മയും ദേവനങ്കിളും.. ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ട്ടറും...എല്ലാം.. 


   അന്നാ ആക്സിഡന്‍റില്‍ മൂന്നാല് ദിവസം അബോധാവസ്ഥയില്‍ കഴിഞ താന്‍ , ശരീരം തളര്‍ന്ന് ബോധംതെളിഞപ്പോ ആദ്യം ചോതിച്ചത് ഹരീയേട്ടനേ ആയിരുന്നില്ലേ.. 

  എല്ലാവരും വിദഗ്തമായി കള്ളം പറഞു.. നിസ്സാര പരിക്കുകളുമായി രക്ഷപ്പെട്ട ഹരിയേട്ടനെ വീട്ടുകാര്‍ അവര്‍ക്കൊപ്പം ദുബെെയിലേക്ക് കൊണ്ടു പോയെന്ന്.. താനത് വിശ്വസിച്ച് അല്ലെങ്കില്‍ കള്ളം പറഞ് പറഞെല്ലാരും അത് സത്യമാണെന്ന് ബോധ്യപ്പെടുത്തി..


   ആ ഒരവസ്ഥയില്‍ വയ്യാത്ത എന്നെ തനിച്ചാക്കി ആരു പറഞാലും ഹരിയേട്ടന്‍ എവിടേക്കും പോവില്ല എന്ന് പോലും ചിന്തിക്കാനുള്ള വിവരം തനിക്കില്ലാതെ പോയോ.. അല്ലെങ്കില്‍ ആ ലോറി വന്നിടിച്ചത് ഡ്രെെവിംഗ് സീറ്റിനടുത്തല്ലെ.. എന്നിട്ടും ഹരിയേട്ടന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടന്ന്‌ പറഞപ്പോ താനത് വിശ്വസിച്ചോ.. ഈശ്വരാ.. എന്ത് മണ്ടനാണ് ഞാന്‍.. 


സത്യം അത് ദെെവം തന്നെയാണ് കാണിച്ചു തന്നത്.. അന്ന് മുറ്റത്തൂടെ മനുവേട്ടന്‍ നടത്തുമ്പോ. ആരും പിടിക്കാതെ ഗേറ്റ് വരെ നടക്കാനും ഗെറ്റിലെ ബോക്സില്‍ നിന്ന് ആ പത്രമെടുക്കാനും അത് നിവര്‍ത്തി നോക്കാനും എനിക്ക് തോനിച്ചത് ദെെവം തന്നെയാണ് അവസാന പേജില്‍.. രണ്ടാം ചരമവാര്‍ഷികം എന്ന തലക്കെട്ടോടെ ആ ഫോട്ടോ കണ്ടപ്പോ ദെെവമേ ഞാന്‍ അവിടെവെച്ച് തന്നെ മരിച്ചിരുന്നെങ്കിലെന്നാഗ്രഹിച്ചു പോയി.. കണ്ണിലിരിട്ടു കേറുന്ന പോലെ ഗേറ്റിലേക്ക് ചാരിയത് ഓര്‍മയുണ്ട് ,കണ്ണുകളടയുമ്പോ മനുവേട്ടന്‍ തനിക്കരുകിലോട്ട് ഓടിവരുന്നതാണ് കണ്ടത്..


  ബോധംവരുമ്പോ ഇവടെയാണ് പഴയ പോലെ അനങ്ങാനാവാതെ.. എല്ലാവരോടും ദേഷ്യമാണ്.. അമ്മയുമഛനും അടുത്ത് വന്നൊരുപാട് കരഞു. അഛനെന്‍റെ കെെപിടിച്ച് കരയുമ്പോ അവര് ചെയ്തതും പറഞതും എന്‍റെ നന്മയ്ക്ക് വേണ്ടിയാരുന്നു എന്ന ബോധം എന്നിലുണ്ടായി.


   മനുവേട്ടനെ ഞാന്‍ മനപ്പൂര്‍വ്വം അവഗണിച്ചു കൊണ്ടിരുന്നു. എന്‍റെ ഹരിയേട്ടന്‍റെ സ്ഥാനത്തിനി ആരും വേണ്ട.. ആരും..


2014 ജൂണ്‍ 15


  പനിയാണ് നല്ല പനി.. ദേവനങ്കില്‍ ,എന്നേ മുന്‍പ് ചികിത്സിച്ച ഹോസ്പ്പിറ്റലിലേക്ക് മാറ്റണം എന്ന് പറയുന്നത് ഞാന്‍ കേട്ടു..


 ഞാനിപ്പോ ആകാശവും അതിനപ്പുറത്ത് പാറിനടക്കുന്ന മേഘങ്ങളേയും കൂടുതല്‍ സ്വപ്നം കാണുന്നു..


2014 ജൂണ്‍ 18 


ഹോസ്പിറ്റലിലാണ് ഇടത് കെെക്ക്  ഭാരമില്ലായ്മ അനുഭവപ്പെട്ടു തുടങ്ങി...


അമ്മയുമഛനും അവരുടെ കരയുന്ന മുഖം വല്ലാതെയലട്ടുന്നു.


എന്നിലെന്തൊക്കേയോ  സംഭവിക്കുന്നു എന്ന്  വ്യക്തമാണ്... 


■■■■■■■■■■■■■■■■■■■■■■■■■


ദേവന്‍റെ മുന്‍പില്‍ തലകുനിച്ചിരിക്കുകയാണ്  മനു.. 


മനൂ ഇതവന്‍റെ വിധിയാണ് നീ ഒരു പാട് പരിശ്രമിച്ചു. എനിക്കറിയാം നിന്‍റെ ഫീലിംഗ്സ്  , റോഷന്‍ അവനില്‍ നല്ല മാറ്റം ഉണ്ടായിരുന്നു. അതേ രീതിക്ക് പോയിരുന്നേല്‍ ഒരു മാസം അതിനിടയ്ക്ക് അവനെണീറ്റ് നടന്നേനെ, എല്ലാം ദെെവ നിശ്ചയമാണ്  .മനു തിരിച്ചു പോയ്ക്കോളു താനൊരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ട്..  ഇനി നമുക്കൊന്നും ചെയ്യാനാവില്ല. എല്ലാം ദെെവത്തിന്‍റെ കെെകളിലാണ്.. ദേവന്‍ പതിയേ കസേരയിലേക്ക് ചാഞു.. 


  നിറഞ മിഴികള്‍ പതിയെ തുടച്ച് മനു പുറത്തേക്കിറങ്ങി കാറില്‍ കയറുമ്പോ തന്‍റെ ഹൃദയമിടിപ്പ് അവനറിയാമായിരുന്നു.. സീറ്റില്‍ ചാരി തളര്‍ച്ചയോടവനിരുന്നു. 


  കണ്ണുകളടയ്ക്കുമ്പോ നഗരത്തിലെ ആ വലിയ ഹോസ്പിറ്റലവനുമുന്നില്‍ തളിഞു. വെന്‍റിലേറ്ററില്‍ മരണം കാത്ത് കഴിഞ ദിനങ്ങള്‍.. ഹൃദയം മാറ്റി വെച്ചാല്‍ മാത്രമേ ജീവിതത്തിലേക്ക് മടക്കമൂള്ളൂ എന്ന വിധിയെഴുത്ത്. പപ്പയും മമ്മയും പകച്ച് നിന്ന നിമിഷങ്ങള്‍.. മക്കളെ ജീവനേക്കാളേറെ സ്നേഹിക്കുന്ന പപ്പ ഒരു പക്ഷെ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവും എങ്ങനെയെങ്കിലും തന്‍റെ മോന്‍ രക്ഷപ്പെടാന്‍ അല്ലായെങ്കില്‍ ആക്സിഡന്‍റില്‍ ഗുരുതരമായി പരിക്കേറ്റ് രണ്ട് പേരാ ഹോസ്പിറ്റലിലന്നഡ്മിറ്റാവില്ലായിരുന്നല്ലോ.. 


■■■■■■■■■■■■■■■■■■■■■■■


മൂന്നാല് മാസത്തിന് ശേഷം പുതിയ ഹൃദയമിടിപ്പോടെ ജീവിതത്തിലേക്ക് നടന്ന് കയറിയപ്പോ തന്‍റെ ഉള്ളില്‍ മിടിക്കുന്ന ഹൃദയത്തിനുടമയുടെ ഫോട്ടോയ്ക്ക്  അമ്മ ദെെവത്തിനൊപ്പം പൂജാ മുറിയിലാണ് സ്ഥാനം നല്‍കിയത്. ചിരിച്ച ആ സുന്ദരമുഖം താനുമായൊരല്‍പ്പം സാമ്യം തോന്നിയിരുന്നു. എവിടെനിന്നോ ക്രോപ് ചെയ്തെടുത്ത ഫോട്ടോയില്‍ ആ യുവാവിനോപ്പം മറ്റാരോ ഉള്ള പോലെ തോന്നിയിരുന്നു..


   മറ്റൊരാളുടെ ഹൃദയം താനതിന് പ്രത്യേക പരിഗണന നല്‍കിയിരുന്നു. ദിവസങ്ങള്‍ കടന്ന് പോയി പഴയപോലെഓഫീസും പപ്പയുടെ ബിസിനസ്സുമൊക്കെയായി നടക്കുന്ന സമയം. ഒരു ദിവസം പ്രതീക്ഷിക്കാതെ വന്ന ഒരതിഥി, അയാളാണ് തന്‍റെ ജീവിതത്തിന് വേറെയും അവകാശികളുണ്ട്ന്ന് കാണിച്ചു തന്നത്..


   രാവിലെ ഓഫീസില്‍ തന്നെ കാണാന്‍ വന്നയാള്‍ തനിച്ച് സംസാരിക്കണമെന്ന് പറഞപ്പോ താന്‍ ആദ്യം തിരക്കാണെന്ന് പറഞൊഴിയാന്‍ ശ്രെമിച്ചെങ്കിലും ഹരി എന്ന ഹരി പത്മനാഭന്‍ അതായത് തനിക്കുള്ളില്‍ മിടിക്കുന്ന ജീവന്‍റെ ഉടമയുടെ ഫ്രണ്ടാണ് താനെന്നയാള്‍ പറഞപ്പോ എത്ര സമയം വേണമെങ്കിലും അയാള്‍ക്കായി മാറ്റി വെക്കാന്‍ താന്‍ തെയ്യാറായിരുന്നു. 


പാര്‍ക്കിലെ ആളൊഴിഞ കോണില്‍ തണലത്ത് ഞങ്ങളിരുന്നു. തണുത്ത കാറ്റില്‍ പ്രത്യേക മണമുണ്ടായിരുന്നു.


  എന്‍റെ പേര് വരുണ്‍ ഞാനായിരുന്നു ഹരിയുടെ ബെസ്റ്റ് ഫ്രെണ്ട് , അയാള്‍ വീണ്ടും സ്വയം പരിയപ്പെടുത്തി. ഹരി ദുബെെയിലായിരുന്നു. അവന്‍റെ ഫാമിലി അവിടെ സ്ഥിര താമസമാണ്. നാട്ടില്‍ ജോലി ചെയ്യണമെന്നവന്‍റേ വാശിയായിരുന്നു. ആ , ആഗ്രഹത്താലവന്‍ എറണാകുളത്ത്  ജോലിക്ക് കയറി, അവിടെ അവനേറെ ഹാപ്പിയായിരുന്നു.  അവനെപ്പോളും ഉത്സാഹവാനായിരുന്നു കൂടെ നില്‍ക്കുന്നവരേയും സന്തോഷവാന്‍മാരാക്കുന്ന ഒരു പോസിറ്റീവ് എനര്‍ജിയുണ്ടവനില്‍ , മാസങ്ങള്‍ കൊണ്ടവന്‍ ഓഫീസിലെ മികച്ച എംബ്ലോയി ആയി,

ആയിടക്ക് അവന്‍റെ ജീവിതത്തിലേക്ക് പുതിയൊരാളെത്തി.. വരുണ്‍ പറയുന്നതാകാംക്ഷയോടെ ഞാന്‍ കേട്ടിരുന്നു. എന്‍റെ മുന്‍പില്‍ പുതിയോരു ലോകം തുറക്കുകയായിരുന്നു. താനിതുവരെ കാണാത്ത പ്രണയത്തിന്‍റെ മറ്റോരു ലോകം..




വരുണ്‍ പറഞു തുടങ്ങി....


     ഹരിയുടെ എല്ലാ കഥകളും തനിക്കറിയാമായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ഒരു രഹസ്യവുമില്ലായിരുന്നു. ഒരു പക്ഷെ അവനൊരു ഗേ ആണന്നറിയുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ താനാവാം.. എനിക്കതില്‍ ഒരു തെറ്റും തോന്നിയിട്ടില്ല. കാരണം ആരും മനപ്പൂര്‍വ്വം അങ്ങനെയാവുന്നതല്ല. എന്‍റെ ഫ്രണ്ട് അവനെങ്ങനെയാണേലും എനിക്കവനെ ഒരിക്കലും തള്ളിപ്പറയാനാവില്ല. ഹരിയെന്‍റെ നല്ലൊരു ഫ്രണ്ടാണ് , അതുകൊണ്ടാണ് അവന്‍ അവന്‍റെ സകല രഹസ്യവും തന്നോടായി പറഞത്. അങ്ങനെയാണ് റോഷനേകുറിച്ചും താനറിഞത്.

   അവരാദ്യമായി ഒരു ഡേറ്റിംഗ്സെെറ്റില്‍ കൂടെയാണാദ്യമായി കാണുന്നത്. എല്ലാവരേയും പോലെ ഒരു നോര്‍മല്‍ പരിചയം. റോഷന്‍ ഡിഗ്രീ പഠനത്തിനായി ആണ് എറണാകുളം വന്നത്. അതിനിടെ ഇടയ്ക്കിടെ ഉള്ള കാണല്‍ സംസാരം ചാറ്റ്‌. അവരോരുപാട് അടുത്തു. എനിക്ക് നല്ല ഓര്‍മ്മയുണ്ട് ആ ദിവസങ്ങളില്‍  ഹരി വളരെ ഹാപ്പിയാരുന്നു. ഓഫീസ് കഴിഞാലവന്‍ റോഷനുമായുള്ള കറക്കത്തിലാവും. ഞാന്‍ പലപ്പോളും പറഞിട്ടുണ്ട് റോഷന്‍ നിന്നേ ചതിക്കുമെന്ന് , പുറത്ത് നിന്ന് നോക്കുന്ന ഒരാള്‍ക്ക് അങ്ങനേയേ തോനുള്ളൂ കാരണം  ഈ മെന്‍റാലിറ്റിയുള്ളവര്‍ ഒരിക്കലും ഒരു പുരുഷനില്‍ ഒതുങ്ങില്ല. ഉള്ളതിലും നല്ലത് കാണുമ്പോ അവരുടെ മനസ്സങ്ങോട്ട് ചായും.. അതായിരുന്നു എന്‍റെ ചിന്ത, എന്‍റെ ഉപദേശം റോഷന്‍ ഒരു ചിരിയില്‍ ഒതുക്കുമായിരുന്നു.

     എന്‍റെ ചങ്ങാതി അവനവസാനം കരയാനിടവരരുത് ആ ഒരു ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഹരി റോഷനെ അത്രക്ക് സ്നേഹിക്കുന്നുണ്ടായിരുന്നു. 


  മനു അമ്പരപ്പോടെ വരുണിനേ നോക്കിയിരുന്നു , ആണുങ്ങള്‍ തമ്മില്‍  സെക്സ് ഉണ്ടാവാറുണ്ടെന്നറിയാം , പക്ഷെ അങ്ങനെ ഒരനുഭവമോ അങ്ങനെ ഒരു കാഴ്ചയോ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ഇതാ ഇതിപ്പം അറിയുന്നു. അതും താന്‍ ദെെവതുല്ല്യനായി ആരാധിക്കുന്ന ബഹുമാനിക്കുന്ന തനിക്കള്ളിലെ മിടിപ്പിന്‍റെ യതാര്‍ത്ഥ കഥ.. മനു വരുണ്‍ പറയുന്നത് അസ്വസ്ഥതയോടെ കേട്ടിരുന്നു.


അതിനിടയ്ക്ക് ഹരി റോഷന്‍റെ പേരിന്‍റെ ആദ്യാക്ഷരം കെെയ്യില്‍ പച്ചകുത്തിയിരുന്നു അന്ന് ഞാനവനെ നന്നായിവഴക്ക് പറഞു. കാരണം അവനത്രക്ക് ഭ്രാന്തമായി റോഷനെ സ്നേഹിക്കുന്നു. ആ സ്നേഹം നശ്ട്ടപ്പെട്ടാല്‍ എന്‍റെ കൂട്ടുകാരന്‍ തകര്‍ന്ന് പോവും... പക്ഷെ എത്ര ചീത്തപറഞിട്ടും ഹരീ ചിരിക്കുക മാത്രമേ ചെയ്തുള്ളു..


    ആയിടക്കാണ് ഹരിയെനിക്ക് റോഷനേ പരിചയപ്പെടുത്തുന്നത്. എന്‍റെ ചിന്തകള്‍ തെറ്റാണെന്നന്നെനിക്ക് ബോധ്യമാവുകയായിരുന്നു. ഇരുപതോ ഇരുപത്തൊന്നോ വയസ്സുള്ളൊരു ചെറുപ്പക്കാരന്‍ , വളരെ വളരെ സുന്ദരന്‍ , മുഖത്തെപ്പോളുള പുഞ്ചിരി പരിചയപ്പെടാന്‍ കെെ നീട്ടിയപ്പോ അവന്‍റെ വലത് കെെയ്യില്‍ H എന്ന് പച്ചകുത്തിയിരിക്കുന്നു.  വളരെ നിശ്കളങ്കനായ ഒരു കുട്ടി   , ഹരിയും അവനും നല്ല മാച്ചാണെന്നെനിക്ക് തോന്നി. ദെെവം അറിഞൊന്നിപ്പിച്ചത് പോലെ അവരുടെ കളിചിരിയില്‍ എനിക്ക് പോലും അസൂയ തോന്നി. അത്രയ്ക്ക് ക്യൂട്ടായിരുന്നത് കാണാന്‍ പോലും ,  ഹരി ഇല്ലാതെ റോഷനോ റോഷനില്ലാതെ ഹരിയോ ജീവിക്കില്ല എന്നെനിക്കുറപ്പായിരുന്നു. 

    വെക്കെഷന്‍ സമയങ്ങളില്‍ റോഷന്‍ നാട്ടില്‍ പോവുമ്പോ ഞാന്‍ ഹരിയുടെ മാറ്റം നേരില്‍ കാണുന്നതാണ് അവന്‍റെ സകല ഉത്സാഹവും പോവും. റോഷനും മറിച്ചായിരുന്നില്ല. പത്ത് ദിവസം ലീവുണ്ടേല്‍ അഞ്ചും ആറും ദിവസം നിന്ന് എന്തേലും കള്ളം പറഞിങ്ങ് പോരും. അതിനിടങ്ങ് റോഷനും ഹരിക്കൊപ്പം അവന്‍ വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു താമസം,  ഹോസ്റ്റല്‍ ഫുഡ് കൊള്ളില്ല അത് ശെരിയല്ല ഇത് കൊള്ളില്ല എന്നൊക്കെ പറഞ് ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയാണെന്നൊക്കെ അവന്‍റെ വീട്ടില്‍ പറഞു വിശ്വസിപ്പിച്ചു. 

  ഒന്നര വര്‍ഷം അവര്‍ ശെരിക്കും സ്നേഹം കൊണ്ട് ഒര് സ്വര്‍ഗ്ഗം തീര്‍ക്കുകയായിരുന്നു. അവര്‍ക്ക് വെറും ശരീരത്തോടുള്ള മാത്ര പ്രണയമല്ലായിരുന്നു. മനസ്സ് കൊണ്ടവര്‍ പ്രണയിച്ചു.  അതിനിടക്ക് റോഷന്‍ ഹരിയെ തന്‍റെ വീട്ടുകാര്‍ക്കും പരിചയപ്പെടുത്തി , താന്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്നിടത്ത് ഒപ്പം താമസിക്കുന്ന ആള്‍ എന്നും പറഞാണവര്‍ പരിചയപ്പെട്ടത്. ഫോണില്‍ കൂടെയും നേരിട്ടും സംസാരിച്ച് ഹരിയുമായി റോഷന്‍റെ വീട്ടുകാരും നല്ല കൂട്ടായി. ഹരിക്കൊപ്പമാണ് റോഷനുള്ളത് എന്നതിലവര്‍ക്കും ആശ്വാസമുണ്ടാക്കി.


     ആ വര്‍ഷത്തെ ഓണം അതാണവരുടെ ജീവിതം മാറ്റി മറിച്ചത്. റോഷന്‍റെ വീട്ടുകാര്‍ ഹരിയേ ഓണത്തിന് വീട്ടിലേക്ക് ക്ഷണിക്കുന്നു. ഹരിയെറെ സന്തോഷവാനായിരുന്നു. ആദ്യമായി റോഷന്‍റെ വീട്ടിലേക്ക് പോകുന്നു അതും അവന്‍റൊപ്പം തന്നെ. റോഷന്‍റെ അവസ്ഥയും മറിച്ചായിരുന്നില്ല. 

    കോളേജടച്ച അന്ന് പര്‍ച്ചേസൊക്കെ കഴിഞവര്‍ എന്നേ കാണാന്‍ വന്നിരുന്നു. രണ്ടാഴ്ച കഴിഞേ വരുള്ളു എന്നും ഒരു പാട് സ്ഥലങ്ങളിലും ബന്ധു വീടുകളിലും പോണമെന്നും പിന്നെ റോഷന്‍റെ തറവാട്ടമ്പലത്തില്‍ വെച്ച് മോതിരം കെെമാറണമെന്നും ഒക്കെ പറയുമ്പോ അവരാകെ ത്രില്ലിലായിരുന്നു. ഹരിയേ അത്രയും സന്തോഷവാനായി ഞാനിത് വരെ കണ്ടിട്ടേയില്ല. അവനൊരു കൊച്ച് കുട്ടിയേ പോലെയായിരിക്കുന്നു. ഒരുപാടാഗ്രഹിച്ച കളിപ്പാട്ടം സ്വന്ദമാക്കാന്‍ പോവുന്ന ഒരു കൊച്ചു കുട്ടി....


യാത്ര പറഞവരിറങ്ങിയപ്പോ എനിക്കറിയില്ലായിരുന്നു അവനെ ഞാനിനി കാണില്ല എന്ന് , രാവിലെ വിളിച്ച് കാറിലാണ്  കോഴിക്കോട് വരെ പോണത് എന്ന് പറഞപ്പോ ഞാന്‍ വഴക്ക് പറയേം ചെയ്തു അത്രേം ദൂരം കാറില്‍ ഒറ്റയ്ക്ക് ഡ്രെെവ് ചെയ്ത് പോണോന്നും ചോദിച്ചു.  ഞങ്ങള്‍ക്കിങ്ങനെ കഥയും പറഞ് ഞങ്ങളുടേതായ ലോകത്തിരുന്ന് പോണം എന്നാണവന്‍ പറഞത്.  

   അങ്ങനെ ആ യാത്രയിലൊരുപക്ഷെ അവന്‍റെ ശ്രദ്ധ  പാളിപ്പോയിരിക്കാം അല്ലേല്‍ ആ ലോറീഡ്രെെവര്‍ കാലനായി മാറിയിരിക്കാം.. 


   ഹരിയുടെ ഫോണില്‍ നിന്ന് കോള്‍ കണ്ടപ്പോ  അവരെത്തി എന്ന് പറയാനായിരിക്കും എന്നാണ് ഞാനോര്‍ത്തത് പക്ഷെ ഫോണില്‍ കൂടെ കേട്ടത് എനിക്കിപ്പോളും ആ വിറയല്‍ മാറിയിട്ടില്ല.  എങ്ങനെയാണ് ഞാന്‍ തൃശ്ശൂര്‍ വരെയെത്തിയതെന്നെനിക്ക് പോലും അറിയീല്ല. വരുണൊന്ന് കിതച്ചു. വാക്കുകള്‍ മുറിയുന്നു. നിറഞ കണ്ണുകള്‍ തുടച്ചവന്‍ മനുവിനെ നോക്കി.

  ഹരി രക്ഷപ്പെടില്ലെന്നുറപ്പായിരുന്നു. തലയ്ക്കായിരുന്നു പരിക്ക് , റോഷന്‍ ഒന്നും പറയാനാവാത്ത മരണത്തിനും ജീവിതത്തിനുമിടയ്ക്കുള്ള നൂല്‍പ്പാലത്തിലും. 


ഡോക്ടര്‍ എന്നോട് നിങ്ങളുടെ അവസ്ഥ എന്നോട് പറഞപ്പോ , നിങ്ങളുടേയും ഹരിയുടേയും ബ്ലഡ്ഡുമായി മാച്ചുണ്ടെന്ന് പറയുമ്പോളും എനിക്കൊന്നും മനസ്സിലായിരുന്നില്ല. 

    അവന്‍റെയുള്ളില്‍ ജീവന്‍റെ ഏകതുടിപ്പായവശേഷിക്കുന്ന ആ തുടിപ്പ് മറ്റൊരാളിലേക്ക് മാറ്റിവെക്കാനാണ് എന്ന് അറിഞപ്പോ ആദ്യം താനും സമ്മതിച്ചില്ല. അല്ലെങ്കില്‍ തന്നെ ഞാനവന്‍റെ ഫ്രണ്ട് മാത്രമാണ്  അവന്‍റെ വീട്ടുകാര്‍ വിവരമറിഞ് വരുന്നേയുള്ളൂ. അവരോടാലോചിക്കാതെ. എങ്ങനെ..  അതിനിടയില്‍ ഹരിയുടെ മുത്തശ്ശനും നാട്ടിലുള്ള അളിയനും എത്തിയിരുന്നു. ഡോക്ടറവരെ കാര്യങ്ങള്‍ പറഞു മനസ്സിലാക്കുകയും അദ്ധ്യാപകനായ ആ മനുഷ്യന് ഒരൂ പക്ഷെ എല്ലാം മനസ്സിലായിരുന്നിരിക്കാം അവരതിന് സമ്മതിക്കുകയും ചെയ്തു. അല്ലെങ്കില്‍ അവന്‍റെ ചെറു തുടിപ്പെങ്കിലും ഭൂമിയില്‍ അവശേഷിക്കട്ടെ എന്നവര്‍ കരുതിയിരിക്കാം..


ഒടുവില്‍ വെള്ള പുതച്ച് ഹരിയേ പുറത്തേക്ക് കൊണ്ടുവന്നപ്പോ ഒന്നുമറിയാതെ മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നറിയാതെ കിടക്കുകയായിരുന്നു റോഷന്‍..


എന്‍റെ ചങ്ങാതി മരണത്തിലേക്ക് പോയപ്പോ നിങ്ങള്‍ ജീവിതത്തിലേക്ക് കയറുകയായിരുന്നു. ഹരിയെ അവസാനമായൊന്ന് കാണാന്‍ പോലും റോഷന് സാധിച്ചില്ല.  തറവാട്ട് വീടിന്‍റെ മുറ്റത്തവന്‍ എന്നെന്നേക്കുമിയി ഉറങ്ങി. 

     പിന്നീട് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ റോഷനെ കാണാന്‍ വേണ്ടി ആശുപത്രിയില്‍ പോയിരുന്നു. അപ്പോഴും അവന്‍ റിയാലിറ്റിയിലേക്ക് വന്നിരുന്നില്ല. ആ , ആക്സിഡന്‍റവന്‍റെ മനസ്സിനെ അത്രക്ക് പിടിച്ചു കുലുക്കിയിരുന്നു. അവന്‍റെ അരയ്ക്ക് താഴോട്ട് പൂര്‍ണ്ണമായും തളര്‍ന്ന് പോയിരിക്കുന്നു.  ഉറക്കത്തിലൊക്കെ അവന്‍ ഹരിയെ വിളിച്ചു കരയുന്നുണ്ടായിരുന്നു. 

    ഇനിയുമൊരു ദുരന്തം അവന് താങ്ങാനാവില്ല എന്നുറപ്പുള്ളതിനാല്‍ അവനില്‍ നിന്നും ഹരിയുടെ മരണ വാര്‍ത്ത മറച്ചു വെക്കാന്‍ ഡോക്ട്ടര്‍ തന്നെയാണ് നിര്‍ബന്ധിച്ചത്.   നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ഹരിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു ദുബെെയിലേക്ക് കൊണ്ടുപോയി എന്ന് പറഞ് വിശ്വസിപ്പിക്കാന്‍ ശ്രെമിച്ചിട്ടും റോഷനാദ്യമതുള്‍ക്കൊള്ളാന്‍ കഴിഞില്ല. 

   ആശുപത്രിയിലവനേ കാണാന്‍ പോയ എന്നേ കൊണ്ടും ഈ കള്ളമവര്‍ പറയിപ്പിച്ചു. ഞാന്‍ പറഞാലവന്‍ വിശ്വസിക്കണമായിരുന്നു. കാരണം അവരുടെ ബന്ധം മറ്റാരെക്കാളുമെനിക്കാണറിയുന്നത്. റോഷനും ഹരിയും തമ്മിലൂള്ള ബന്ധം ഹരിയുടെ വീട്ടുകാരറിഞെന്നും. നിസ്സാര പരിക്കുമായി റോഷനടുത്ത് നിന്ന ഹരിയേ അവന്‍റെ മുത്തശ്ശന്‍ ഇവടുന്ന് ബലമായി പിടിച്ചു കൊണ്ടു പോയെന്നുമൊക്കെ പറഞപ്പോ അവന്‍റെ നിഷ്കളങ്ക മനസ്സത് വിശ്വസിച്ചിരിക്കാം. നാല്മാസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നവന്. പിന്നേ  അഞ്ചാറ് മാസത്തോളം ഒരായൂര്‍വ്വേദ ഹോസ്പിറ്റലില്‍ ധാരയും ഉഴിച്ചിലുമൊക്കെയായി. മാറ്റമൊന്നും കാണാതായപ്പോ വീട്ടിലേക്ക് മാറ്റി. മകന്‍ ജീവനോടെ ഉണ്ടല്ലോ എന്ന ആശ്വാസമാണ് റോഷന്‍റെ വീട്ടുകാര്‍ക്ക്. രണ്ട് വര്‍ഷത്തിനടുത്തായി തളര്‍ന്ന് അവനാമുറിയില്‍ കിടക്കുന്നു. എന്നെങ്കിലും ഹരിവരുമെന്നവന്‍ പ്രതീക്ഷിക്കുന്നുണ്ടാവും.. ഒരു പക്ഷെ അതാവാം അവന്‍റെ ജീവന്‍ നിലനിര്‍ത്തുന്നതും..


     വരുണ്‍ എന്നേ നോക്കി..  ഹരിയുടെ വീട്ടിലെ അവസ്ഥയും മറിച്ചല്ല. അവന്‍റെ മരണം അവന്‍റെ അമ്മയേ ആകെ തളര്‍ത്തി ദുബെെയിലെ ബിസിനസ്സൊക്കെ ഉപേക്ഷിച്ച് അവര്‍ നാട്ടിലേക്ക് മടങ്ങി.. വരുണൊന്ന് നിര്‍ത്തി. ഞാനിതൊക്കെ പറഞത് ഒരു പഴങ്കതയായിട്ടല്ല, നിങ്ങളുടെ ജീവന് വേറെയും അവകാശികളുണ്ടെന്നറിയിക്കാനാണ്..


    എന്ത് തിരിച്ചു പറയണമെന്നറിയാതെ മനുവിരുന്നു. 


വരുണ്‍ മനുവിന്‍റെ കെെപിടിച്ചു.. പറ്റുമെങ്കില്‍ നിങ്ങള്‍ റോഷനേ ഒന്ന് കാണണം, പ്രതീക്ഷ നഷ്ട്ടപ്പെട്ട് കിടക്കുന്ന അവനില്‍ ഒരു പക്ഷെ  നിങ്ങളില്‍ തുടിക്കുന്ന ഹരിയുടെ ജീവാംശം കച്ചിതുരുമ്പായേക്കാം.. അവന്‍ തിരികേ ജീവിതത്തിലേക്ക് വന്നാല്‍ അതാവും ഹരിക്ക് നിങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ പ്രത്യുപകാരം.. വരുണ്‍ യാത്ര പറഞെണീറ്റീട്ടും പാര്‍ക്കിലെ ബെഞ്ചില്‍ തളര്‍ന്നിരുന്നു മനു.. 

      പലതരം പ്രണയം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട് പക്ഷെ ഇത്, അതും ഇത്ര ശക്തമായത് അവനത്ഭുതമായി.. വീട്ടിലെത്തിയിട്ടും മനുവിന്‍റെ മനസ്സസ്വസ്ഥമായിരുന്നു. അഥവാ റോഷനെ താന്‍ കണ്ടാല്‍ തന്നേ എന്തും പറഞു താനവനെ പരിചയപ്പെടുത്തും , നിന്‍റെ ഹരിയേട്ടന്‍ മരിച്ചു. അദ്ധേഹത്തിന്‍റെ ഹൃദയമാണെനിക്കുള്ളില്‍ മിടിക്കുന്നതെന്നോ. എല്ലാവരും ആ സത്യം മറച്ച് വെച്ചതവന്‍റെ നന്മയെ ഓര്‍ത്തല്ലേ.. അപ്പോ താനായിട്ടാ കള്ളം തകര്‍ക്കണോ, ഹരി എന്നെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ റോഷന്‍ ജീവിച്ചോട്ടെ..


   പിറ്റേന്ന് രാവിലെ മനു പോയത് പാലക്കാട്ടേക്കായിരുന്നു. ഹരിയുടെ തറവാട്ടിലേക്ക്. ആദ്യമാര്‍ക്കുമവനെ മനസ്സിലായില്ല, കാര്യം പറഞപ്പോ അവനവിടെ വന്‍ സ്വീകരണമായിരുന്നു.  മുത്തശ്ശനും മുത്തശ്ശിയും അമ്മായിമാരും അവനു ചുറ്റും വളഞു. ഹരിയെ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നവര്‍ക്ക്..  

   അമ്മയുടെ കാര്യം ചോതിച്ചപ്പോ അവരെന്നെ അകത്തേക്ക് കൊണ്ടു പോയി. അകത്തേ മുറിയില്‍ പുറത്തേ സംസാരം കേട്ടൊരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു.കാല്‍പ്പെരുമാറ്റം കേട്ടിട്ടുമവരനങ്ങിയില്ല... 

  ലക്ഷ്മീ ആരാ വന്നതെന്ന് നോക്കൂ.. മുത്തശ്ശന്‍ പറഞിട്ടും അവര്‍ ജനലിലൂടെ നോട്ടം പുറത്തേക്ക് തന്നേ നട്ടിരുന്നു.

ഒരു പക്ഷെ മകന്‍റെ ഹൃദയം മറ്റൊരാളില്‍ മിടിക്കുന്നതവര്‍ക്കുള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാവില്ല..

   മനു അവര്‍ക്ക് നേരെ നടന്നു. 

അമ്മേ.. വിറയാര്‍ന്ന സ്വരത്തിലവന്‍ വിളിച്ചു. 

പെട്ടന്നാ സ്ത്രീ ഒരു പൊട്ടിക്കരച്ചിലോടെ അവന്‍റെ നെഞ്ചിലേക്ക് വീണു.. മനുവിന്‍റെ കണ്ണുകളും നിറഞൊഴുകി. ജനലിലൂടെനനുത്തൊരു കാറ്റപ്പോ അവരെ തഴുകി..


      അന്നവരുടെ നിര്‍ബന്ധത്തിന് വഴങ്ങി മനുവിനവിടെ താമസിക്കേണ്ടി വന്നു. വീട്ടില്‍ വിളിച്ചു കാര്യം പറഞപ്പോ ആദ്യം എതിര്‍ത്തെങ്കിലും ഹരിയുടെ വീട്ടിലാണെന്നറിഞപ്പോളവര്‍ സമ്മതിച്ചു. ഹരിയുടെ അമ്മയും സഹോദരിയും എനിക്ക് ഹരിയുടെ മുറി കാണിച്ചു തന്നു.  ഞാനവിടെ കിടന്നോട്ടെ എന്ന ചോദ്യത്തീന് അവര്‍ക്ക് പൂര്‍ണ്ണ സമ്മതമായിരുന്നു. ഹരിയുടെ നല്ല വസ്ത്രങ്ങളവരെനിക്ക് ധരിക്കാന്‍ തന്നു. ഹരി എറണാകുളത്ത് താമസിച്ച വീട്ടിലെ അവന്‍റെ സാധനങ്ങളൊക്കെയും അങ്ങോട്ട് കൊണ്ട് വന്നിട്ടുണ്ട്.  അതില്‍ റോഷനും ഹരിയുമുള്ള ഒരുപാട് ഫോട്ടോസും ഉണ്ടായിരുന്നു. ഞാനമ്പരപ്പോടെ അതൊക്കെ നോക്കി വരുണ്‍ പറഞത് വളരെ ശരിയാണ് ദെെവം അറിഞൊന്നിപ്പിച്ചത് പോലെ അത്രയ്ക്ക് മാച്ച്..


     അന്ന് എന്നത്തേക്കാളും സുഖമിയിട്ടവനുറങ്ങി, പിറ്റേന്നെണീറ്റപ്പോ മനു പുതിയ ചില തീരുമാനങ്ങളെടുത്തിരുന്നു.



രാവിലെ മനു ഹരിയുടെ വീട്ടില്‍ നിന്നും  യാത്ര പറയുമ്പോ എല്ലാവരും സങ്കടത്തിലായിരുന്നു, ഇനിയും വരാമെന്ന ഉറപ്പിന്മേല്‍  അവിടന്നിറങ്ങിയപ്പോ , അമ്മ കെട്ടിപ്പിടിച്ച് കരഞു. യാത്ര പറഞൊരു വിധം കാറില്‍ കയറിയപ്പോ മനസ്സിലൊരു നീറ്റല്‍. അമ്മയോട് ചോതിച്ച് റോഷനും ഹരിയുമൊള്ളൊരു ഫോട്ടോ മനു അവിടെന്നെടുത്തിരുന്നു. അതിലേക്ക് നോക്കിയവന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. 


    കോഴിക്കോട് എത്തുമ്പോള്‍ പന്ത്രണ്ട് മണിയായിരുന്നു. റോഷനെ എന്തു പറഞ് കാണും എന്നറിയാതെ വഴിയരികില്‍ കാര്‍ നിര്‍ത്തി തട്ടുകടയില്‍ നിന്നും ചായകുടിച്ച് ചിന്തിച്ചിരിക്കുമ്പോഴാണവന്‍ ഒരായൂര്‍വേദ ഹോസ്പിറ്റലിന്‍റെ പേര് കണ്ടത്. വരുണ്‍ പറഞ റോഷനേ ഇപ്പോ ചികിത്സിക്കുന്ന അതേ ഹോസ്പിറ്റല്‍. ഒരു പക്ഷെ വെെദ്യര്‍ക്ക് തന്നെ സഹായിക്കാന്‍ കഴിഞേക്കാം എന്ന വിശ്വാസത്തിലാണ് ദേവനെ കാണാന്‍ പോയത്, ഹരിയുടെ ഹൃദയം തന്നിലേക്ക് മാറ്റിവെച്ച കഥയും, റോഷനേ കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞപ്പോ ദേവന്‍ ആദ്യം എതിര്‍ത്തു. ഹരി മരിച്ച കാര്യം താന്‍മൂലം റോഷനറിയും എന്ന ഭീതിയായിരുന്നു അദ്ധേഹത്തിന് , താനതൊരിക്കലും അറിയിക്കില്ലെന്നും റോഷനെ ഒന്ന് കണ്ടാ മാത്രം മതിയെന്നും പറഞപ്പോ  അദ്ധേഹമാണ് റോഷന്‍റെ ഉഴിച്ചില്‍ നടക്കുകയാണ് , ഒരു ഹോം നഴ്സായി അവിടെ ഉള്ളവര്‍ക്കൊപ്പം പോയാ റോഷനെ കാണാമെന്നും വെെകുന്നേരം വരെ അവന്‍റൊപ്പം ഇരിക്കാമെന്ന  എെഡിയപറഞത്. അതാവുമ്പോ അവന് യാഥൊരു സംശയവുമുണ്ടാക്കില്ല. മനുവിനും സമ്മതമായിരുന്നു. അന്നവിടന്ന് ഉഴിച്ചിലെങ്ങനെ ചെയ്യണമെന്നൊക്കെ ചെറുതായി കാട്ടി തന്നു. 

   പിറ്റേന്ന് റോഷന്‍റെ വീടിന്‍റെ പടി കടന്നത് മുതല്‍ തന്‍റെ ഹൃദയം ക്രമിതീതമായി മിടിക്കുന്നത് മനുവറിഞു. റോഷന്‍റെ മുറിയില്‍ കട്ടിലില്‍, തളര്‍ന്നു കിടക്കുന്ന റോഷനെ കണ്ടപ്പോ തന്‍റെ ഹൃദയത്തിലൊരു ചെറു നീറ്റല്‍ അവനനുഭവിച്ചു. റോഷന്‍ തന്നേ നോക്കി ചിരിച്ചപ്പോ ഹൃദയത്തിന്‍ ചെറുകുളിരും അവന് തോന്നി.  അന്നത്തെ ഉഴിച്ചില്‍ കഴിഞപ്പോ റോഷനുമായൊരുപാട് സംസാരിച്ച്  ഒരു അടുപ്പം ഉണ്ടാക്കിയെടുക്കാന്‍ അവന്‍ ശ്രെമിച്ചിരുന്നു.

 

   വെെകീട്ടവിടന്നിറങ്ങുമ്പോ റോഷനൊപ്പം നിക്കാന്‍ ഉള്ളീന്നാരോ  നിര്‍ബന്ധിക്കുന്ന പോലെ തോന്നിയവന്.  ആ തോന്നലില്‍ ഒന്നും ചിന്തിക്കുകപോലും ചെയ്യാതെ റോഷന്‍റെ എല്ലാ കാര്യങ്ങളും താന്‍ നോക്കികോളാം എന്ന് ദേവനോട് പറയുമ്പോ അദ്ധേഹമതിന് ഒരിക്കലും സമ്മതിച്ചിരുന്നില്ല.   ഉഴിച്ചിലിന്‍റെയോ രോഗീ പരിചരണത്തിന്‍റെയോ എ ബീ സീ ഡി പോലുമറിയാത്ത താന്‍ പരിചരിച്ചാ അത് റോഷന്‍റെ അവസ്ഥ കൂടുതല്‍ പരിങ്ങലിലാവുമെന്ന വാദത്തില്‍ അദ്ധേഹമെന്‍റെ ആവശ്യം തള്ളികളഞു. പക്ഷെ എന്‍റെ യാചനയിലും  കോണ്‍ഫിഡന്‍സിലും അദ്ധേഹത്തിനവസാനം സമ്മതിക്കേണ്ടി വന്നു. അങ്ങനൊരു റിസ്കേറ്റടുക്കാന്‍ ആരാണ് തനിക്ക് ധെെര്യം തന്നത് എന്നതവന് ഒരത്ഭുതമായി തോന്നി. 


      റോഷനേ പരിചരിക്കെണ്ട വിധമൊക്കെ ദേവന്‍ മനുവിനേ പഠിപ്പിച്ചിരുന്നു, എങ്കിലും അദ്ധേഹത്തിന് മനസ്സില്‍ നല്ല പേടിയുണ്ടായിരുന്നു.  ആ പേടിയൊക്കെ മനു കുറച്ചു ദിവസങ്ങള്‍ കൊണ്ടു തന്നെമാറ്റി. 


  ഓരോ ദിവസങ്ങള്‍ കഴിയും തോറും  റോഷനുമായി താന്‍ കൂടുതല്‍ കൂടുതല്‍ അടുക്കുന്നത് മനുവറിഞു. സ്വവര്‍ഗ്ഗ പ്രണയത്തോട് താല്‍പ്പര്യമോ അതെന്തെണാന്ന് പോലും അറിയാത്ത താന്‍  , റോഷനെ കാണുമ്പോളും അവനോട് സംസാരിക്കുമ്പോളും അതിന്‍റെ സുഖം അറിഞു തുടങ്ങി. അതൊരു പക്ഷെ ഹരിയില്‍ ഉള്ള കടപ്പാടില്‍ തോന്നിയതാവാം, അതെല്ലങ്കില്‍ റോഷനോടുള്ള സഹതാപത്തില്‍ അതുമല്ലെങ്കില്‍ അവന്‍ ഹരിയേ സ്നേഹിക്കുന്നതിന്‍റെ ആഴം കണ്ട് തോന്നിപ്പോയതുമാവാം..

    

        റോഷന്‍ നടന്ന് തുടങ്ങിയപ്പോ താന്‍ സന്തോഷിച്ചതിലേറെ ഹരിയുടെ ഹൃദയം തനിക്കുള്ളിലിരുന്നു സന്തോഷിച്ചിരിക്കാം. ആ നിമിഷത്തില്‍ ഹരിയോട് താന്‍ പ്രത്യുപകാരം ചെയ്തപോലെ മനുവിന് തോന്നി.  ഒരു പക്ഷെ മനു അന്നാ പത്രത്തിലെ ന്യൂസ് കണ്ടില്ലായിരുന്നെങ്കില്‍ അവന്‍റെ അസുഖമെല്ലാം മാറിയവനെണീറ്റ് നടന്നേനെ..അങ്ങനെ എണീറ്റ് നടന്നാ തനിക്കവനോട് തോന്നിയ ഈ ഒരിഷ്ട്ടം അപ്പോഴും ഉണ്ടാവുമോ.. ഉത്തരം കിട്ടാത്തൊരു ചോദ്യമായിരുന്നത്.


■■■■■■■■■■■■■■


. പിറകില്‍ നിന്നും വണ്ടികളുടെ നിര്‍ത്താത്ത ഹോണടി കേട്ടാണ് മനു ചിന്തയില്‍ നിന്നുണര്‍ന്നത്. ദേവന്‍റെ ഹോസ്പിറ്റലിന് മുന്നില്‍ തന്‍റെ കാറിലിരിക്കുകയാണ് താനെന്ന ബോധം അപ്പോളാണവന് വന്നത്. പുറകിലെ വണ്ടി അപ്പോളും ഹോണടിച്ചു കൊണ്ടേയിരുന്നു. കാറ് സ്റ്റാര്‍ട്ടാക്കി ഹോസ്പ്പിറ്റലിന് പുറത്തേക്ക് തിരിക്കുമ്പോളും മനസ്സ് നിറയെ ഹരിയും റോഷനുമിയിരുന്നു..


      വീട്ടിലെത്തി ചായ കുടിക്കുമ്പോഴാണ് മനുവിന്‍റെ ഫോണ്‍ബെല്ലടിഞത്. ദേവനാണ് റോഷന്‍റെ അവസ്ഥ മോശമാണെന്നും അവന് തന്നെ കാണണമെന്ന് ആഗ്രഹം പറഞിട്ടുണ്ടെന്നും അദ്ധേഹം പറഞപ്പോ ഇട്ട വേഷം പോലും മാറ്റാതെ മനു ഹോസ്പിറ്റലിലേക്ക് കുതിച്ചു. ,


■■■■■■■■■■■■■■■■


      ഹോസ്പിറ്റലിലെത്തുമ്പോ ICU എന്നെഴുതിയ ഡോറിന് മുന്‍പില്‍ കരഞ് കലങ്ങിയ കണ്ണ്കളോടെ അവന്‍റെ അഛനുമമ്മയും എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്നത് കണ്ടപ്പോ എന്‍റെ നെഞ്ചുരുകി.

    ദേവന്‍ മനുവിനേ ചൂണ്ടി ഡോക്ടറോട് എന്തോ പറയുന്നുണ്ടായിരുന്നു. അദ്ധേഹം മനുവിനെ നോക്കിയൊന്ന് ചിരിച്ചു. അല്‍പ്പ സമയം കഴിഞ്  ICU വിന്‍റെ വാതില്‍ തുറന്നൊരു സിസ്റ്റര്‍  മനുവിന്‍റെ  പേര് വിളിച്ചു. വിറക്കുന്ന പാദങ്ങളോടവന്‍ ഉള്ളിലേക്ക് നടന്നു.


    കട്ടിലില്‍ വാടിയ താമരപോലെ റോഷന്‍ കിടക്കുന്നു. നെഞ്ചിലും മൂക്കിലും ഒാക്കെ എന്തൊക്കെയോ ട്യൂബുകള്‍ രണ്ട് ആഴ്ചകള്‍ കൊണ്ട് അവന്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. മനുവന്‍ന്‍റെ കട്ടിലിനടുത്തേ കസേരയിലിരുന്നു...


റോഷാ വിറയാര്‍ന്നസ്വരത്തിലവന്‍ വിളിച്ചു.. പ്രതികരണമില്ല..

റോഷാ അവന്‍റെ വലത് കെെയ്യില്‍ തലോടിക്കൊണ്ട് മനു വീണ്ടും വിളിച്ചു.


റോഷന്‍റെ കണ്ണുകള്‍ ചെറുതായനങ്ങി.  പാട് പെട്ടവന്‍ തന്‍റെ കണ്ണുകള്‍ പതിയെ തുറന്നു...


■■■■■■■■■■■■■■■■■■■■■■■■


  ആരോ വിളിക്കുന്നു പരിചയമായ ശബ്ദം...

കണ്ണുകള്‍ തുറക്കാന്‍ വല്ലാത്ത പാട് ശരീരം മുഴുവന്‍വേധനയും ക്ഷീണവും..  പാട് പെട്ട് ഞാന്‍ കണ്ണുകള്‍ തുറന്നു. കാഴ്ചകളാദ്യം വ്യക്തമായില്ല.. പതിയെ കണ്‍മുന്നിലെല്ലാം തെളിഞുഅപ്പോളാണ് ഹോസ്പിറ്റലിലാണ് താനെന്നുള്ള ചിന്ത എന്നിലുണ്ടായത്..

  തനിക്ക് മുന്നിലിരുന്ന ആളിലേക്ക് ഞാന്‍ വീണ്ടും, വീണ്ടും നോക്കി. ആ കട്ടിമീശയും നുണക്കുഴികവിളും ഹരിയേട്ടന്‍... 


ഹരിയേട്ടാ.. ഞാന്‍ അവ്യക്തമായി വിളിച്ചു..


റോഷാ.. ചിലമ്പിയ ആ സ്വരം പക്ഷെ ഹരിയേട്ടന്‍റേതായിരുന്നില്ല. .. കണ്ണു വലിച്ചു തുറന്ന് താന്‍ വീണ്ടും ആ  മുഖത്തേക്ക് നോക്കി മനുവേട്ടന്‍.. എന്തെന്നില്ലാതെ എന്‍റെ കണ്ണുകള്‍ നിറഞു.  മനുവേട്ടനെന്‍റ കണ്ണു രണ്ടും തുടച്ചു.. 


ഒന്നും പറയാതെ എന്‍റെ വലത് കെെ നെറ്റിയോട് ചേര്‍ത്തദ്ധേഹമിരുന്നു. താനത് നോക്കി ഒന്നും ചെയ്യാനാവാതെ തളര്‍ന്ന് കിടന്നു. മനുവേട്ടനെന്‍റെ വലത് കെെ അദ്ധേഹത്തിന്‍റെ നെഞ്ചിന് നേരെ കൊണ്ട് പോവുന്നത് നേരിയ പോലെ ഞാനറിഞു. നെഞ്ചില്‍ ആ കെെപ്പത്തി വെച്ചദ്ധേഹമിരുന്നു. എന്‍റെ തലച്ചോറിലെവിടേയോ ചെറു പെരുപ്പ് ഞാനറിഞു..  ഹരിയേട്ടന്‍റെ ചിരിയെന്‍റെ കാതില്‍ മുഴങ്ങി.. 

അദ്ധേഹമെന്നെ വിളിക്കുന്ന പോലെ..


മനു നിറഞ മിഴികളുയര്‍ത്തി റോഷനേ നോക്കി..  അവന്‍ പകച്ച് കിടക്കുകയാണ്.. റോഷന്‍റെ കെെ താഴെ വെച്ച് മനു എണീറ്റു.. കണ്ണു തുടച്ചവന്‍ തന്‍റെ ഷര്‍ട്ടിന്‍റെ ബട്ടണഴിച്ചു. ഒന്നും മനസ്സിലാവാതെ താനദ്ധേഹത്തെ നോക്കി ഒരു പൊട്ടിക്കരച്ചിലോടെ മനു തനിക്ക് മുന്നിലിരുന്നു. തുറന്ന ഷര്‍ട്ടിലൂടെ ഞാനാ നെഞ്ചിലേക്ക് നോക്കി.. നൂറ് ഇടിയെന്‍റെ തലച്ചോറില്‍ വെട്ടി ശരീരത്തില്‍ കൂടുതല്‍ ക്ഷീണം ഞാനറിഞു.  ആ നെഞ്ചിലെ സര്‍ജറിയുടെ പാട്,, അതെന്‍റെ നെഞ്ചില്‍ കുത്തിക്കീറുന്നത് പോലെ എനിക്ക് തോന്നി.. മനുവെന്‍റെ മുഖത്തേ് നോക്കി..ഞാനവനേ നോക്കി ചെറുതായി പുഞ്ചിരിച്ചു. മനുവേട്ടനെന്‍റടുത്തിരുന്നു. എന്‍റെ തലയുയര്‍ത്തി  അദ്ധേഹമത് അദ്ധേഹത്തിന്‍റെ നെഞ്ചോട് ചേര്‍ത്തു.. എന്‍റെ ചെവികളില്‍ ആ മിടിപ്പ് ഞാനറിഞു. ആ നിമിഷം ഞാനറിയുകയായിരുന്നു. അയാളും ഞാനും തമ്മിലെ ബന്ധം.. ഹരിയേട്ടന്‍റെ സ്വരം കാതിലലയടിച്ചു. ഞാന്‍ കണ്ണുകള്‍ പതിയേ അടച്ചു. ശരീരത്തിന് ഭാരം  കുറയുന്നതായെനിക്കനുഭവപ്പെട്ടു.. ഞാന്‍ പതിയെ ഉയരുന്ന പോലെ.. 

      ആകാശത്ത് മേഘങ്ങള്‍ക്കിടയില്‍ വെള്ളക്കുതിരകളെ പൂട്ടിയ ഒരു രഥം ഞാന്‍ കണ്ടു അതിനു മുന്നില്‍ ചിരിച്ചു നില്‍ക്കുന്ന ഹരിയേട്ടനേയും, അദ്ധേഹമെനിക്ക് നേരെ കെെകള്‍ നീട്ടി മേഘക്കീറുകള്‍ക്കിടയിലൂടേ ഞാനദ്ധേഹത്തിന് നേരേ ഓടി.. നീട്ടിപ്പിടിച്ച ആ കെെകളിലേക്ക് ഞാന്‍ ഓടി ആ നെഞ്ചിലേക്ക് ഞാന്‍ ചാഞു. ആ നെഞ്ചില്‍ മിടിപ്പുണ്ടായിരുന്നില്ല... ഹരിയേട്ടനെന്നെ നോക്കിയൊരു കുസൃതിച്ചിരി ചിരിച്ചു ഞാനും... 


അദ്ധേഹമെന്‍റെ മുന്‍പില്‍ മുട്ടുകുത്തിയിരുന്നു. വലത് കെെയ്യില്‍ ഒരു മോതിരം പിടിച്ചദ്ധേഹം എന്നേ നോക്കി ചിരിച്ചു.. പണ്ടത്തേ അതേ മയക്കുന്ന ചിരി വെളുത്ത് തുടുത്ത ആ കവിളില്‍ മനോഹരമായ നുണക്കുഴികള്‍ വിരിഞു.. അന്ന് അമ്പലത്തില്‍ നിന്നും എന്നേ ധരിപ്പിക്കാനായി വാങ്ങിയ മോതിരമായിരുന്നു ആത് , ഞാനൊരു പുഞ്ചിരിയോടെ എന്‍റെ കെെകള്‍ നീട്ടി  ഹരിയേട്ടനാ മോതിരമെന്‍റെ വിരലില്‍ ചാര്‍ത്തി.. പതിയെ എന്‍റെ കെെയ്യീല്‍ മുത്തി.


പിന്നെ എന്‍റെ കെെകള്‍ കോര്‍ത്ത് ആ രഥത്തിന് നേരെ നടന്നു. ആരോ മനോഹരമായി ഞങ്ങള്‍ക്കായി വയലിനില്‍ ഏതോ പ്രേമരാഗം വായിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഹരിയേട്ടന്‍റെ തോളില്‍ ചാരിയിരുന്നു. അദ്ധേഹമെന്നേ ചേര്‍ത്തു പിടിച്ചു.. കുതിരയപ്പോ ഞങ്ങളേയും കൊണ്ട് മേഘങ്ങള്‍ക്കിടയിലൂടെ കുതിച്ചു കൊണ്ടിരുന്നു.....


#അവസാനിച്ചു..


NB=

   

1 അഭിപ്രായം:

  1. അതീവ ഹൃദ്യം.. മുൻപ് വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ആണ് കഥയുടെ ട്വിസ്റ്റ്‌ ശരിക്കും മനസിലായത്..
    വളരെ വളരെ മനോഹരം.. 🌹

    മറുപടിഇല്ലാതാക്കൂ